സോളാർ വീണ്ടും പുകയുന്നു; യുഡി‌എഫ് നേതാക്കള്‍ക്കെതിരെ ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍


, | Published: 04:52 PM, October 11, 2017

IMG

തിരുവനന്തപുരം: യുഡി‌എഫിലെ ഉന്നത നേതാക്കള്‍ ഉള്‍പ്പടെ പത്ത് പേര്‍ക്കെതിരെ ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിന്റെ നിയമോപദേശം അനുസരിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്.
ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍ മന്ത്രിമാരായിരുന്ന അടൂര്‍ പ്രകാശ്, എപി അനില്‍കുമാര്‍, എംഎല്‍എയായ ഹൈബി ഈഡന്‍, ആലപ്പുഴ എംപി കെസി വേണുഗോപാല്‍, കോട്ടയം എംപിയും കേരളാ കോണ്‍ഗ്രസ് നേതാവുമായ ജോസ് കെ മാണി തുടങ്ങിയവര്‍ക്കും രണ്ടാം യുപിഎ സര്‍ക്കാരില്‍ ധനകാര്യസഹമന്ത്രിയായിരുന്ന തമിഴ്നാട്ടില്‍ നിന്നുള്ള ഡിഎംകെ നേതാവായ എസ്‌എസ് പളനിമാണിക്യം തുടങ്ങിയവര്‍ക്കെതിരെയാണ് കേസ്. ഇവര്‍ ലൈംഗിക ചൂഷണം നടത്തിയതായി സോളാര്‍ കേസിലെ പ്രതി സരിത കത്തില്‍ വെളിപ്പെടുത്തിയിരുന്നു.
ജോസ് കെ മാണി വഴിയാണ് പളനിമാണിക്യം തന്നെ പരിചയപ്പെട്ടതെന്നും ലൈംഗിക ചൂഷണത്തിന് വിധേയയാക്കിയതെന്നുമായിരുന്നു സരിതയുടെ മൊഴി. ടീം സോളാറിന് വഴിവിട്ട സഹായങ്ങള്‍ നല്‍കുന്നതിന് പണം മാത്രമല്ല കൈക്കൂലിയായി കൈപ്പറ്റിയതെന്ന് കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്. സരിതയെ ലൈംഗികമായി ഉപയോഗിച്ചതും കൈക്കൂലിയുടെ ഗണത്തില്‍ പെടുമെന്നും അതിനാല്‍ ബലാത്സംഗക്കുറ്റത്തിനൊപ്പം അഴിമതി നിരോധന നിയമപ്രകാരവും ലൈംഗിക പീഡനം, ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകളും ഉള്‍പ്പെടുത്തി കേസെടുത്ത് ഇവര്‍ക്കെതിരെ അന്വേഷണം നടത്താനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.