ചാവക്കാട് മേഴ്‌സിക്കുട്ടിയമ്മയ്ക്ക് നേരെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു

ചാവക്കാട് മേഴ്‌സിക്കുട്ടിയമ്മയ്ക്ക് നേരെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു

July 21, 2018 0 By Editor

തൃശ്ശൂര്‍: കടല്‍ ക്ഷോഭമുണ്ടായ ചാവക്കാട് കടപ്പുറം പഞ്ചായത്ത് സന്ദര്‍ശിക്കാന്‍ എത്തിയ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയ്ക്ക് നേരെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. സംഭവത്തെ തുടര്‍ന്ന് കരിങ്കൊടി കാണിച്ചവര്‍ക്കുനേരെ പൊലീസ് ലാത്തിവീശി.

അതേസമയം, ചാവക്കാട് ടൗണിലെ ബൈപ്പാസ് ജങ്ഷനുകളും എനാമാവ് റോഡ്, അനു ഗ്യാസ് റോഡ്, പേരകം റോഡ്, തെക്കഞ്ചേരി, തെക്കന്‍ പാലയൂര്‍, പുന്ന എന്നിവിടങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. വെള്ളം കയറിയതിനെ തുടര്‍ന്ന് കച്ചവട സ്ഥാപനങ്ങളില്‍ പലതും തുറന്നില്ല.

തുടര്‍ച്ചയായി അനുഭവപ്പെടുന്ന കടല്‍ക്ഷോഭംമൂലം കടപ്പുറം പഞ്ചായത്തിന്റെയും ചാവക്കാട് നഗരസഭയുടെയും കടലോരമേഖലകളില്‍ നിരവധി വീടുകള്‍ തകര്‍ച്ചാ ഭീഷണിയിലാണ്. തൊഴിലാളികള്‍ക്ക് കടലില്‍ പോകാന്‍ കഴിയാതായതോടെ മത്സ്യമേഖലയും പ്രതിസന്ധിയിലാണ്.

പ്രദേശത്തെ കാനകള്‍ യഥാസമയം കോരി വൃത്തിയാക്കുന്നതില്‍ വന്ന അനാസ്ഥയാണ് വെള്ളപ്പൊക്കമുണ്ടാകാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. കനോലി കനാലും വലിയതോടും കരകവിഞ്ഞൊഴുകി. നഗരസഭ പ്രദേശത്തെ വെള്ളക്കെട്ടൊഴിവാക്കാന്‍ ജീവനക്കാര്‍ രാവിലെ മുതല്‍ രംഗത്തെത്തി. കാനകളുടെയും കല്‍വെര്‍ട്ടുകളുടെയും തടസം നീക്കി വെള്ളമൊഴുക്കിവിടുകയാണ് ചെയ്യുന്നത്.