ദേശീയ പാതയില്‍ കാഴ്ച്ചാ തടസമാക്കുന്ന ഫ്‌ളക്‌സുകളും ബോര്‍ഡുകളും മാറ്റി തുടങ്ങി

ദേശീയ പാതയില്‍ കാഴ്ച്ചാ തടസമാക്കുന്ന ഫ്‌ളക്‌സുകളും ബോര്‍ഡുകളും മാറ്റി തുടങ്ങി

May 14, 2018 0 By Editor

കുന്നമംഗലം: ദേശീയ പാതയിലെ അപകട നിവാരണ പദ്ധതിയുടെ ഭാഗമായി ഡ്രൈവര്‍മാര്‍ക്ക് കാഴ്ച മറക്കുന്ന വിധത്തിലുള്ള ഫ്‌ളക്‌സുകളും ബോര്‍ഡുകളും ദേശിയപാത അധികൃതരുടെ നേതൃത്വത്തില്‍ മാറ്റി തുടങ്ങി. ദേശീയപാത 766 ല്‍ കുന്നമംഗലം മുതല്‍ ചുണ്ട വരെയുള്ള ഭാഗത്ത് റോഡരികിലുള്ള പോസ്റ്റുകള്‍, ബാനറുകള്‍, അനധികൃത നിര്‍മാണങ്ങള്‍, കമാനങ്ങള്‍ , രാഷ്ട്രീയ പാര്‍ട്ടികളുടെ സ്തൂപങ്ങള്‍, കമാനങ്ങള്‍ , പെട്ടിക്കടകള്‍, വാഹനങ്ങള്‍ , കൂട്ടിയിട്ട മരങ്ങള്‍ മറ്റു വസ്തുക്കള്‍ എന്നിവയെല്ലാം നീക്കം ചെയ്തു തുടങ്ങി. ഇവയെല്ലാം നീക്കം ചെയ്യുന്നതിന്ന് ഹൈവെ പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരം നേരത്തെ അറിയിപ്പ് നല്‍കിയിരുന്നതായി അധികൃതര്‍ പറഞ്ഞു.

പോലീസിന്റെ സഹായത്തോടെയാണ് കുന്നമംഗലത്ത് നിന്ന് രാവിലെ പ്രവൃത്തി ആരംഭിച്ചത്. കൊടുവള്ളി സബ് ഡിവിഷന്റെ കീഴിലുള്ള സെക്ഷന്‍ ഒന്നിലെ കുന്നമംഗലം മുതല്‍ ചുണ്ടവരെ യുള്ള ഭാഗത്താണ് ആദ്യഘട്ടത്തില്‍ ഇത്തരത്തില്‍ അപകടരഹിത പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. സെക്ഷന്‍ രണ്ടില്‍ ചുണ്ടു മുതല്‍ മുത്തങ്ങ വരെ അടുത്ത ഘട്ടത്തില്‍ നടത്തും.

ഇന്നലെ കുന്നമംഗലത്ത് നിന്ന് ആരംഭിച്ച പ്രവര്‍ത്തനങ്ങള്‍ക്ക് പൊതുമരാമത്ത് ദേശീയ പാത വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ വിനയരാജ്, അസി. എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ജമാല്‍ മുഹമ്മദ്, അസി.എന്‍ജിനിയര്‍ ലക്ഷ്മണന്‍, ഓവര്‍സിയര്‍മാരായ സലിം,ആന്റോ പോള്‍, സുജ, നുസ്രത്ത്, മിനി എന്നിവര്‍ മേല്‍നോട്ടം വഹിച്ചിരുന്നു.