എലിപ്പനി നിയന്ത്രണവിധേയമായതായ് ആരോഗ്യ വകുപ്പ്

September 14, 2018 0 By Editor

കോഴിക്കോട് : ജില്ലയില്‍ എലിപ്പനിക്കു കുറവ് വന്നിട്ടുണ്ടെന്നും നിയന്ത്രണവിധേയമായതായും ആരോഗ്യവകുപ്പ് അറിയിച്ചു. ജില്ലയില്‍ ഇന്നലെ സംശയകരമായ മൂന്നു കേസുകളേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ. നരിപ്പറ്റ, കണ്ണാടിക്കല്‍, വയലട എന്നിവിടങ്ങളിലെ രോഗികളിലാണു രോഗം സംശയിക്കുന്നത്. ഇതുവരെ ആകെ 147 കേസുകള്‍ സ്ഥിരീകരിച്ചു. സ്ഥിരീകരിച്ച കേസുകളില്‍ 8 പേര്‍ മരിച്ചു. 12 പേരുടെ മരണം എലിപ്പനി മൂലമാണെന്നു സംശയമുണ്ട്.

എലിപ്പനിക്ക് കുറവു വന്നെങ്കിലും ഡെങ്കിപ്പനിയും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്നലെ 8 പേര്‍ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടി. ഒരാള്‍ക്കു രോഗം സ്ഥിരീകരിച്ചു. കുതിരവട്ടത്താണു ഡെങ്കി സ്ഥിരീകരിച്ചത്. ജില്ലയില്‍ 2 ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ഇന്നലെ മലേറിയ സ്ഥിരീകരിച്ചു. കോഴിക്കോട് നഗരത്തില്‍ മാനാഞ്ചിറയില്‍ താമസിക്കുന്ന തൊഴിലാളിയിലും അഴിയൂരിലെ ഇതരസംസ്ഥാനക്കാരിലുമാണു മലേറിയ രോഗബാധ കണ്ടെത്തിയത്. മലപ്പുറവും പാലക്കാടും കഴിഞ്ഞാല്‍ ഇന്നലെ ഏറ്റവും കൂടുതല്‍പേര്‍ പനിക്കു ചികിത്സ തേടിയതു കോഴിക്കോട്ടാണ്. ജില്ലയില്‍ മലേറിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും ആശങ്കയുണ്ടാക്കുന്നു.