ഇന്ധന വിലക്കയറ്റം; പ്രതികരിക്കാതെ കേന്ദ്ര മന്ത്രിമാര്‍

ഇന്ധന വിലക്കയറ്റം; പ്രതികരിക്കാതെ കേന്ദ്ര മന്ത്രിമാര്‍

September 13, 2018 0 By Editor

ന്യൂഡല്‍ഹി: ഇന്ധന വിലക്കയറ്റം തുടരുന്നതിനിടയില്‍ ബുധനാഴ്ച നടന്ന കേന്ദ്രമന്ത്രിസഭാ യോഗം നികുതിയിളവിന്റെ കാര്യം പരിഗണിച്ചില്ല. യോഗതീരുമാനങ്ങള്‍ വിശദീകരിക്കാന്‍ മൂന്നു മന്ത്രിമാര്‍ സംയുക്തമായി നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ നികുതിയിളവിനെക്കുറിച്ച് ആവര്‍ത്തിച്ച ചോദ്യങ്ങള്‍ ഉയര്‍ന്നെങ്കിലും അവര്‍ ഒഴിഞ്ഞുമാറി.

പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, കൃഷി മന്ത്രി രാധാമോഹന്‍സിങ്, റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ എന്നിവരാണ് മാധ്യമപ്രവര്‍ത്തകരെ കണ്ടത്. മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ മാത്രം വിശദീകരിക്കാന്‍ വിളിച്ച വാര്‍ത്തസമ്മേളനമാണെന്ന വിശദീകരണത്തോടെയാണ് പെട്രോളിയം മന്ത്രി അടക്കമുള്ളവര്‍ തടിയൂരിയത്.

കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ബി.ജെ.പി നിര്‍വാഹക സമിതി യോഗത്തിനുശേഷം വാര്‍ത്തസമ്മേളനം നടത്തിയപ്പോഴും ഇന്ധന വിലക്കയറ്റ പ്രശ്‌നം ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍, ആദ്യദിനത്തില്‍ എത്തിയ മന്ത്രി നിര്‍മല സീതാരാമനും രണ്ടാമത്തെ ദിവസം എത്തിയ മന്ത്രി പ്രകാശ് ജാവ്‌ദേകറും ഈ വിഷയത്തില്‍ പ്രതികരിക്കാതെ ഒഴിഞ്ഞുമാറുകയായിരുന്നു. പെട്രോള്‍, ഡീസല്‍ വില ഓരോ ദിവസവും ഉയരുന്ന പ്രവണത തുടങ്ങിയിട്ട് ആഴ്ചകളായി. എന്നാല്‍, അന്താരാഷ്ട്രതലത്തില്‍ അസംസ്‌കൃത എണ്ണ വില ഉയരുന്നതിനാല്‍ സര്‍ക്കാറിന് ഒന്നും ചെയ്യാനില്ലെന്ന വിശദീകരണമാണ് ധനമന്ത്രാലയ വൃത്തങ്ങള്‍ തുടര്‍ച്ചയായി നല്‍കുന്നത്. എക്‌സൈസ് തീരുവ കുറച്ചാല്‍ ധനക്കമ്മി വര്‍ധിച്ച് സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധിയിലാകുമെന്ന നിലപാടിലാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ മാത്രമല്ല, ബി.ജെ.പിക്കുള്ളിലും സഖ്യകക്ഷികള്‍ക്കും സര്‍ക്കാര്‍ സമീപനത്തില്‍ കടുത്ത പ്രതിഷേധമുണ്ട്.

ലോക്‌സഭ തെരഞ്ഞെടുപ്പിലും അതിനു മുമ്പ് നടക്കാനിരിക്കുന്ന രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തിസ്ഗഢ്, തെലങ്കാന, മണിപ്പൂര്‍ നിയമസഭ തെരഞ്ഞെടുപ്പുകളിലും ബി.ജെ.പിക്ക് തിരിച്ചടി ഏല്‍ക്കേണ്ടി വരുമെന്ന മുന്നറിയിപ്പുകള്‍ ബി.ജെ.പിക്കുള്ളില്‍നിന്നു തന്നെ ഉയരുന്നുണ്ട്. അതിനെല്ലാമിടയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് നിലപാടില്‍ മാറ്റമില്ലാതെ അവസാനിച്ചത്.