കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള നിയമനങ്ങള്‍ പുരോഗമിക്കുന്നു

July 6, 2018 0 By Editor

മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കാനിരിക്കെ നിയമനങ്ങള്‍ പുരോഗമിക്കുന്നു. അടുത്ത മാസത്തോടെ വിമാനത്താവളത്തിലേക്കുള്ള മുഴുവന്‍ നിയമനങ്ങളും പൂര്‍ത്തീകരിക്കാനാണ് ശ്രമം.

വിമാനത്താവള കമ്പനിയായ കിയാലിന് ആവശ്യമായ നിയമനങ്ങള്‍ നേരത്തെ നടത്തിയിരുന്നു. 130 ഓളം പേരെയാണ് കിയാലിലേക്ക് നിയമിച്ചത്. എയര്‍പോര്‍ട്ട് ഫയര്‍‌സ്റ്റേഷന്‍, എയര്‍പോര്‍ട്ട് സെക്യൂരിറ്റി, എയര്‍പോര്‍ട്ട് ഓപ്പറേഷന്‍ എന്നീ വിഭാഗങ്ങളിലേക്കാണ് നിയമനം നടത്തിയത്. വിമാനത്താവളത്തിലെ അനുബന്ധ സ്ഥാപനങ്ങളിലേക്കുള്ള നിയമനങ്ങളാണ് ഇനി നടക്കേണ്ടത്. ഇതില്‍ 600 പേരെ ഇനിയും നിയമിക്കും.

ഏജന്‍സിവഴിയാണ് ഉദ്യോഗാര്‍ഥികളെ ഇന്റര്‍വ്യൂ നടത്തി നിയമിക്കുന്നത്. എയര്‍ ഇന്ത്യയും സെല്‍വി എന്ന ഏജന്‍സിയുമാണ് ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുന്നത്. കഴിഞ്ഞ മാസം എയര്‍ ഇന്ത്യ കണ്ണൂരില്‍ ഇന്റര്‍വ്യൂ നടത്തിയിരുന്നുവെങ്കിലും 300 പേരുടെ ഒഴിവിലേക്ക് 4000 ത്തോളം പേര്‍ എത്തിയതിനാല്‍ ഇന്റര്‍വ്യൂ നടത്താന്‍ സാധിച്ചിരുന്നില്ല. അന്ന് അപേക്ഷ വാങ്ങിവച്ച് ഉദ്യോഗാര്‍ഥികളെ തിരിച്ചയയ്ക്കുകയായിരുന്നു. ഇരു ഏജന്‍സികളും ഈ മാസവും അടുത്ത മാസവുമായി ഇന്റര്‍വ്യൂ നടത്തി ഉദ്യോഗാര്‍ഥികളെ നിയമിക്കുമെന്നറിയുന്നു.

വിമാനത്താവളത്തിന് വീടും സ്ഥലവും നല്‍കി കുടിയൊഴിഞ്ഞ കുടുംബങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയാണ് നിയമനം നടത്തുക. ഇതിനുപുറമെ വിമാനത്താവളത്തിലെ ശുചീകരണ വിഭാഗത്തിലേക്ക് 50 പേരെ നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്. സിഐഎസ്എഫ്, എമിഗ്രേഷന്‍, കസ്റ്റംസ് എന്നീ വിഭാഗങ്ങളിലേക്കും കൂടുതല്‍ പേരെത്തും.