കര്‍ഷക പ്രതിഷേധം: ബുള്ളറ്റ് ട്രെയിനിനുള്ള ഫണ്ട് അനുവദിക്കില്ലെന്ന് ജപ്പാന്‍

September 26, 2018 0 By Editor

ന്യൂഡല്‍ഹി: ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയ്‌ക്കെതിരെ കര്‍ഷക പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനുള്ള ഫണ്ട് അനുവദിക്കില്ലെന്ന് ജപ്പാന്‍. ആദ്യം കര്‍ഷരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക. അതിനു ശേഷം ഫണ്ട് അനുവദിക്കാമെന്ന് ജപ്പാന്‍ സര്‍ക്കാര്‍ ഏജന്‍സിയായ ജെഐസിഎ അറിയിച്ചു.

ഒരുലക്ഷം കോടിയുടേതാണ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി. ഇതില്‍ 125 കോടി രൂപ ജെഐസിഎ നല്‍കി കഴിഞ്ഞു. ഇനി 80,000 കോടി രൂപയാണ് നല്‍കാനുള്ളത്. ആദ്യ ഘട്ട ഫണ്ട് ലഭിച്ചതോടെ സാമ്പത്തിക പ്രതിസന്ധികളെക്കുറിച്ച് പഠിക്കാനായി ഒരു സെപ്ഷ്യല്‍ കമ്മിറ്റിയെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്.

മുംബൈ അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കായി സ്ഥലം പിടിച്ചെടുക്കുന്നതിനെതിരെ ഒരുകൂട്ടം കര്‍ഷകര്‍ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നു. പദ്ധതിക്കായി സ്ഥലം വിട്ടുനല്‍കില്ലെന്ന് പറയുന്നവരും, നഷ്ടപരിഹാരം ആവശ്യപ്പെടുന്നവരും ഹര്‍ജിയില്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്.

ജെഐസിഎയ്ക്ക് കര്‍ഷകര്‍ സമര്‍പ്പിച്ച കത്തിലും സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശരേഖകള്‍ അംഗീകരിക്കുന്നത് വരെ ഫണ്ട് പിടിച്ചുവെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. തങ്ങളുടെ ദുരിതം മനസിലാക്കുന്നതിനായി ജപ്പാന്‍ അംബാസിഡറെ കര്‍ഷകര്‍ ക്ഷണിക്കുകയും ചെയ്തിരുന്നു. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ ആവശ്യപ്പെട്ട് ഫണ്ട് പിടിച്ചുവച്ചത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും പദ്ധതി പ്രാബല്യത്തിലാകുന്നത് വൈകിപ്പിക്കുമെന്നുമാണ് ഉദ്യോഗസ്ഥരുടെ വാദം.