കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ പ്രതിഷേധം; കര്‍ഷകതൊഴിലാളി മഹാറാലി നാളെ

കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ പ്രതിഷേധം; കര്‍ഷകതൊഴിലാളി മഹാറാലി നാളെ

September 4, 2018 0 By Editor

ന്യൂഡല്‍ഹി: പതിനായിരക്കണക്കിന് കര്‍ഷകരും തൊഴിലാളികളും പങ്കെടുക്കുന്ന മഹാറാലിക്ക് ബുധനാഴ്ച ഡല്‍ഹി വേദിയാകും. നരേന്ദ്ര മോദി സര്‍ക്കാറിന്റെ നയങ്ങള്‍ക്കെതിരെ പ്രതിഷേധമുയര്‍ത്തുന്ന റാലിയില്‍ കേരളത്തില്‍നിന്ന് 20,000ത്തോളം പേരാണ് എത്തുന്നത്. മഹാരാഷ്ട്രയില്‍ നടന്ന കിസാന്‍ മാര്‍ച്ചില്‍ പെങ്കടുത്ത 5000ത്താളം വരുന്ന കര്‍ഷകരുമായി നാസിക്കില്‍നിന്ന് പുറപ്പെട്ട പ്രത്യേക ട്രെയിന്‍ തിങ്കളാഴ്ച രാത്രി ഡല്‍ഹിയിലെത്തി.

സമീപ വര്‍ഷങ്ങളില്‍ ഡല്‍ഹി കണ്ട വലിയ പ്രകടനമായിരിക്കും ഇത്. മൂന്ന് ലക്ഷത്തോളം പേരെ മാര്‍ച്ചിന് സംഘാടകര്‍ പ്രതീക്ഷിക്കുന്നുണ്ട്. എല്ലാവര്‍ക്കും നഗരമധ്യത്തില്‍ തങ്ങാനുള്ള പ്രയാസം മുന്‍നിര്‍ത്തി വിവിധ റെയില്‍വേ സ്റ്റേഷനുകളിലും മറ്റുമായി തമ്പടിച്ച ശേഷം ബുധനാഴ്ച രാവിലെ രാംലീല മൈതാനിയിലേക്ക് നീങ്ങുന്ന വിധമാണ് ക്രമീകരണം. രാംലീല മൈതാനിയില്‍നിന്ന് പ്രകടനമായി പാര്‍ലമെന്റ് സ്ട്രീറ്റിലേക്ക് നീങ്ങും.

സി.െഎ.ടി.യു, അഖിലേന്ത്യ കിസാന്‍ സഭ, എ.െഎ.എ.ഡബ്ല്യു.യു എന്നിവയുടെ ആഭിമുഖ്യത്തിലാണ് മഹാറാലി. വ്യവസായികളുടെ താല്‍പര്യം സംരക്ഷിക്കാന്‍ കര്‍ഷകരെയും തൊഴിലാളികളെയും മോദി സര്‍ക്കാര്‍ അവഗണിക്കുന്നുവെന്നതാണ് വിഷയം. സംഘ്പരിവാറിന്റെ വര്‍ഗീയത, കപട ദേശീയത എന്നിവയും ഉയര്‍ത്തുന്നുണ്ട്. വിലക്കയറ്റം തടയുകയും സാര്‍വത്രിക റേഷന്‍ സമ്പ്രദായം ഫലപ്രദമായി നടപ്പാക്കുകയും ചെയ്യുക, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, എല്ലാ തൊഴിലാളികള്‍ക്കും പ്രതിമാസം 18,000 രൂപയില്‍ കുറയാത്ത മിനിമം വേതനം നിശ്ചയിക്കുക, തൊഴിലാളി വിരുദ്ധ തൊഴില്‍ നിയമ ഭേദഗതികളില്‍നിന്ന് പിന്മാറുക തുടങ്ങിയ ആവശ്യങ്ങള്‍ മഹാറാലി മുന്നോട്ടുവെക്കുന്നു.