കേരളം വൃത്തിയാക്കാന്‍ പാര്‍ട്ടി അടയാങ്ങളൊന്നും കാണിക്കാതെ ഒറ്റക്കെട്ടായി ഇറങ്ങണം: രമേശ് ചെന്നിത്തല

August 20, 2018 0 By Editor

തിരുവനന്തപുരം: കേരളം വൃത്തിയാക്കാന്‍ പാര്‍ട്ടി കൊടി ഉള്‍പ്പെടെ ഒരു അടയാളവും കാണിക്കാതെ ഒറ്റക്കെട്ടായി രംഗത്ത് ഇറങ്ങണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കാലവര്‍ഷക്കെടുതിയില്‍ വീടുകള്‍ തകര്‍ന്നവര്‍ക്ക് ഉടന്‍ തന്നെ വീടുകളിലേക്ക് മടങ്ങാനാകാത്ത സാഹചര്യമാണുള്ളത് അതിനാല്‍ വീടുകള്‍ വൃത്തിയാക്കുന്നതിനും മറ്റുമായി അടിയന്തരമായി 25,000 രൂപ സര്‍ക്കാര്‍ അനുവദിക്കണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വെള്ളം ഇറങ്ങിയതോടെ വീടുകളും കെട്ടിടങ്ങളും ചെളി നിറഞ്ഞു കിടക്കുകയാണ്. വീടുകള്‍ വൃത്തിയാക്കുന്നതിനും പുനര്‍നിര്‍മിക്കുന്നതിനും വിദഗ്ദ്ധ തൊഴിലാളികളെ ലഭ്യമാക്കണം. ഇത് കൂടാതെ കന്നുകാലികള്‍ക്ക് തീറ്റ കിട്ടാത്ത സാഹചര്യമാണ് കുട്ടനാട്ടിലും അപ്പര്‍ കുട്ടനാട്ടിലുമുള്ളത്. ഇതിന് പരിഹാരം കാണണം. പ്രളയക്കെടുതിയില്‍ പ്രതിപക്ഷം രാഷ്ട്രീയം കളിച്ചിട്ടില്ല. പുനരധിവാസത്തിന്റെ കാര്യത്തിലും അങ്ങനെ തന്നെ ആയിരിക്കും. സര്‍ക്കാരിന് അലംഭാവവും വീഴ്ചയും ഉണ്ടായിട്ടുണ്ട്. എന്നാല്‍, അതേക്കുറിച്ച് പറയാനുള്ള അവസരം ഇതല്ലെന്നും ചെന്നിത്തല പറഞ്ഞു.

സൈനിക വേഷത്തില്‍ സര്‍ക്കാരിനെതിരെ അപഹസിക്കുന്ന വീഡിയോ പ്രചരിച്ച സംഭവത്തില്‍ തന്റെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറിക്ക് നേരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് ചെന്നിത്തല വ്യക്തമായ മറുപടി നല്‍കിയില്ല. തന്റെ സ്റ്റാഫിലെ ആരെങ്കിലും വീഡിയോ ലൈക്ക് ചെയ്തിട്ടുണ്ടോയെന്ന കാര്യം അറിയില്ല. ഇത്തരത്തില്‍ ലക്ഷക്കണക്കിന് പേര്‍ വീഡിയോ ലൈക്ക് ചെയ്തിട്ടുണ്ടാകും. അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ നടപടി എടുക്കുകയാണ് വേണ്ടതെന്ന് പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞുമാറി.