കോഴിക്കോട് പരിസ്ഥിതി പ്രവര്‍ത്തകരെ ടിപ്പര്‍ തൊഴിലാളികള്‍ നടുറോഡിലിട്ട് മര്‍ദ്ദിച്ചു

കോഴിക്കോട് പരിസ്ഥിതി പ്രവര്‍ത്തകരെ ടിപ്പര്‍ തൊഴിലാളികള്‍ നടുറോഡിലിട്ട് മര്‍ദ്ദിച്ചു

September 17, 2018 0 By Editor

കോഴിക്കോട്: കോഴിക്കോട് കാരശ്ശേരിയില്‍ പരിസ്ഥിതി പ്രവര്‍ത്തകരെ ടിപ്പര്‍ തൊഴിലാളികള്‍ മര്‍ദ്ദിച്ചു. ഇന്ന് രാവിലെയായിരുന്നു സംഭവം. മര്‍ദ്ദനത്തില്‍ കൂരപ്പള്ളി ബാബു, പികെ ബഷീര്‍ എന്നിവര്‍ക്ക് പരിക്കേറ്റു.

രാവിലെ 9 മണിയോടെ കോഴിക്കോട് കുടരഞ്ഞി മരഞ്ചാട്ടിയില്‍ വെച്ചാണ് പരിസ്ഥിതി പ്രവര്‍ത്തകരായ രണ്ട് പേര്‍ക്ക് മര്‍ദ്ദനമേറ്റത്. കൂരപ്പള്ളി ബാബുവിനെ അഞ്ച് അംഗം ടിപ്പര്‍ ലോറി തൊഴിലാളികള്‍ നടുറോഡിലിട്ട് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച പികെ ബഷീറിനെയും സംഘം കൈയ്യേറ്റം ചെയ്തു. ഇയാളുടെ ക്യാമറയും അക്രമിസംഘം അടിച്ചുതകര്‍ത്തു.

ഗുരുതരമായി പരിക്കേറ്റ് റോഡില്‍ കിടന്ന ഇവരെ പിന്നീട് മുക്കം പോലീസ് ആശുപത്രിയില്‍ എത്തിച്ചു. സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള ക്വാറിയിലെത്തിയ ടിപ്പര്‍ തൊഴിലാളികളാണ് തങ്ങളെ മര്‍ദ്ദിച്ചതെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്. ക്വാറിക്കെതിരെ നേരത്തെ പരാതി നല്‍കിയിരുന്നു. ഇതിന്റെ വൈരാഗ്യമാണ് മര്‍ദ്ദനത്തിന് പിന്നിലെന്നും ഇവര്‍ ആരോപിച്ചു.