കെ.പി.സി.സി. പ്രസിഡന്റ് തെരഞ്ഞെടുപ്പ്; സാമൂഹിക മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് കെ.സുധാകരന്‍

കെ.പി.സി.സി. പ്രസിഡന്റ് തെരഞ്ഞെടുപ്പ്; സാമൂഹിക മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് കെ.സുധാകരന്‍

September 16, 2018 0 By Editor

കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പുതിയ പ്രസിഡന്റിനെ പ്രഖ്യാപിക്കുന്നതിനായി മുതിര്‍ന്ന നേതാവ് കെ .സുധാകരനെ ഹൈകമാന്റ് ഡല്‍ഹിക്കു വിളിപ്പിച്ചു എന്ന വാര്‍ത്തയുടെ നിജസ്ഥിതിയെകുറിച്ച് കെ. സുധാകരന്‍ പ്രതികരിച്ചു. സാമൂഹിക മാദ്ധ്യമങ്ങളില്‍ പ്രചരിച്ച ഇത്തരം വാര്‍ത്തകള്‍ക്ക് യാതൊരു അടിസ്ഥാനമില്ലെന്നും, സഹപ്രവര്‍ത്തകരാണ് ഇത്തരം പ്രചരണങ്ങള്‍ നടക്കുന്നതായി തന്റെ ശ്രദ്ധയില്‍പ്പെടുത്തിയതെന്നും കെ. സുധാകരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് അടുത്ത അവസരത്തില്‍ ഇത്തരം വ്യാജ വാര്‍ത്തകള്‍ക്ക് പ്രവര്‍ത്തകര്‍ പ്രാധാന്യം നല്‍കേണ്ടെന്നും ഒരിക്കലും പാര്‍ട്ടിയെയോ പാര്‍ട്ടി നേതൃത്വത്തെയോ പ്രതിരോധത്തില്‍ ആക്കരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പുതിയ കെ.പി.സി. സി പ്രസിഡന്റിനെ പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് ഹൈകമാന്‍ഡ് കെ സുധാകരനെ ഡല്‍ഹിക്ക് വിളിപ്പിച്ചു എന്ന രീതിയില്‍ സാമൂഹിക മാധ്യമങ്ങളില്‍ അനേകം വാര്‍ത്തകള്‍ പലരും പ്രചരിപ്പിക്കുന്നത് അനേകം ആളുകള്‍ എന്റെ ശ്രദ്ധയില്‍ പെടുത്തുകയുണ്ടായി ആ വാര്‍ത്തകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ല എന്ന് എന്റെ പ്രിയപ്പെട്ട സഹപ്രവര്‍ത്തകരെ ഞാന്‍ അറിയിക്കുന്നു.
പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് അടുത്ത ഈ അവസരത്തില്‍ ബി ജെ പി യെയും സി പി എമ്മിനെയും വര്‍ഗീയ ഫാസിസ്റ്റ് ശക്തികളെയും അധികാരത്തില്‍ നിന്നും അകറ്റുക എന്നതിനാണ് നമ്മള്‍ മുന്‍തൂക്കം കൊടുക്കേണ്ടത് അതിനുള്ള പോരാട്ടം രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ എല്ലാ സംസ്ഥാനങ്ങളിലും നാം തുടങ്ങി കഴിഞ്ഞിരിക്കുന്നു
ഇത്ര നിര്‍ണായകമായ സാഹചര്യത്തില്‍ കൂടി പാര്‍ട്ടി കടന്നു പോകമ്പോള്‍ ഒരു അടിസ്ഥാനവും ഇല്ലാത്ത ഇത്തരം വിവാദങ്ങള്‍ ഉയര്‍ത്തി ഒരിക്കലും പാര്‍ട്ടിയെയോ പാര്‍ട്ടി നേതൃത്വത്തേയോ പ്രതിരോധത്തില്‍ ആക്കരുത് എന്ന് ഞാന്‍ നിങ്ങളോട് നിര്‍ദ്ദേശിക്കുന്നു.ഇത്തരം നിജസ്ഥിതി അറിയില്ലാത്തതും സ്ഥിതികരിക്കാത്തതുമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്നും ബന്ധപ്പെട്ടവര്‍ പിന്തിരിയണം എന്ന് താല്പര്യപ്പെടുന്നു.