കുളവാഴയിൽനിന്നും സാനിറ്ററി നാപ‌്കിൻ നിർമിക്കാമെന്ന‌് കണ്ടെത്തി വിദ്യാർഥികൾ

കുളവാഴയിൽനിന്നും സാനിറ്ററി നാപ‌്കിൻ നിർമിക്കാമെന്ന‌് കണ്ടെത്തി വിദ്യാർഥികൾ

November 12, 2018 0 By Editor

കുളവാഴയിൽനിന്നും സാനിറ്ററി നാപ‌്കിൻ നിർമിക്കാമെന്ന‌് കണ്ടെത്തി വിദ്യാർഥികൾ. കോട്ടൂർ എകെഎംഎച്ച്എസ്എസിലെ കുട്ടികളുടെ കണ്ടുപിടിത്തം കോഴിക്കോട്‌ നടക്കുന്ന ബാലശാസ്ത്ര കോൺഗ്രസിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. കേരളത്തിലെ കായലുകളിലും തോടുകളിലും കുളവാഴയുടെ വ്യാപനംമൂലം ഉണ്ടായ പാരിസ്ഥിതിക ജൈവവ്യവസ്ഥാ പ്രശ്നങ്ങളെക്കുറിച്ചുള്ള പഠനമാണ‌് നാപ‌്കിൻ നിർമാണത്തിലേക്കെത്തിയത‌്. സ‌്കൂളിലെ പത്താംതരം വിദ്യാർഥികളായ അശ്വതി, ഹെന്ന സുമി, ശ്രീജേഷ് എന്നിവരും ബയോളജി അധ്യാപകന്‍ ശരത്തും ചേർന്നാണ‌് മാറാക്കര പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ പഠനം നടത്തിയത്.
കുളവാഴ ജലാശയങ്ങളിലെ ഡിസോൾവ്ഡ് ഓക്സിജന്റെ അളവ് കുറയ്ക്കുകയും ഇവാപോ -ട്രാൻസ്പിരേഷൻ വഴി കൂടുതൽ ജലനഷ്ടം വരുത്തുകയും ചെയ്യുന്നു. ഇതിനുപുറമേ കൊതുക‌് പെരുകാനും കാരണമാകുന്നു. കേരളത്തിലെ അധിനിവേശ സസ്യങ്ങളിൽ പ്രധാനിയാണ് കുളവാഴ. ലോകത്തിലെ ഏറ്റവും അധികം വളർച്ചാനിരക്കുള്ള സസ്യമാണിത്. പൂർണമായ നിയന്ത്രണം ഇന്നത്തെ സാഹചര്യത്തിൽ ഫലപ്രദമല്ലാത്തതിനാലാണ‌് ഉപയോഗത്തിലൂടെ നിയന്ത്രിക്കുക എന്ന ആശയത്തിലേക്കെത്തിയത‌്. ഉണക്കിയെടുത്ത കുളവാഴ നാരും പരുത്തിയും ചേർത്താണ് സാനിറ്ററി നാപ്കിൻ നിർമിച്ചത്.
പരിസ്ഥിതി സൗഹൃദ നാപ്കിനുകൾ കമ്പോസ്റ്റ് ആക്കി മാറ്റാൻ കഴിയും. പുതിയ കണ്ടെത്തലിലൂടെ കുളവാഴയുടെ നിയന്ത്രണത്തോടൊപ്പം പ്ലാസ്റ്റിക് അടങ്ങിയ സാനിറ്ററി നാപ്കിനുകൾ സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളും ഒഴിവാക്കാം. ഈ പഠനം മലപ്പുറം ഉപജില്ലാ ശാസ്ത്രമേളയിൽ റിസർച്ച് ടൈപ്പ് പ്രോജക്ട്, ടീച്ചേഴ്സ് പ്രോജക്ട് എന്നിവയിലും ഒന്നാംസ്ഥാനം നേടി. മന്ത്രിമാരായ കെ കെ ശൈലജ, വി എസ‌് സുനിൽകുമാർ എന്നിവർക്ക‌് പഠനറിപ്പോർട്ട് നൽകി.