മിഠായി പദ്ധതിക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തുടക്കമായി

മിഠായി പദ്ധതിക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തുടക്കമായി

July 28, 2018 0 By Editor

കോഴിക്കോട്: കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്റെ ആഭിമുഖ്യത്തില്‍ പ്രമേഹരോഗ ബാധിതരായ കുട്ടികള്‍ക്കുള്ള സമഗ്ര ചികിത്സാ പദ്ധതിയുടെ ഭാഗമായി കോഴിക്കോട് മെഡിക്കല്‍ കോളജ് ശിശുരോഗ വിഭാഗത്തില്‍ ക്ലിനിക്കിന്റെ ഉദ്ഘാടനം മന്ത്രി ടി.പി. രാമകൃഷ്ണന്‍ നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ.വി.ആര്‍ രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പൊതുജനാരോഗ്യമേഖല ശക്തിപ്പെടുത്താനുള്ള സര്‍ക്കാര്‍ പദ്ധതികള്‍ വിജയിപ്പിക്കാന്‍ എല്ലാവരുടെയും സഹായം അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു.

മെഡിക്കല്‍ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രം ശിശുരോഗ വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ 45ാം വാര്‍ഡിന് സമീപമാണ് ക്ലിനിക് പ്രവര്‍ത്തിക്കുന്നത്. തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ എട്ട് മുതല്‍ വൈകിട്ട് മൂന്ന് വരെയാണ് പ്രവര്‍ത്തന സമയം. സ്റ്റെപ് ഡൗണ്‍ ഐസിയുവിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. ന്യൂറോ സര്‍ജറി ഐസിയുവിന് സമീപത്തായി 12 കട്ടിലുകളാണ് സജ്ജീകരിച്ചത്.

ശസ്ത്രക്രിയ കഴിഞ്ഞവരെ ഐസിയുവില്‍ നിന്നു സ്റ്റെപ്ഡൗണ്‍ ഐസിയുവിലേക്കും അവിടെ നിന്നു വാര്‍ഡിലേക്കും പ്രവേശിപ്പിക്കുന്ന തരത്തിലാണ് ക്രമീകരണം. മെഡിക്കല്‍ കോളജില്‍ ആദ്യമായാണ് ഇത്തരത്തിലൊരു ഐസിയു സജീകരിക്കുന്നത്. മെഡിക്കല്‍ കോളജില്‍ നിന്ന് പഠിച്ചിറങ്ങിയ മുപ്പതാമത്തെ ബാച്ച് ആശുപത്രിയിലേക്കാവശ്യമായ സാധനങ്ങള്‍ കൈമാറി. ഐഎംഎ പ്രസിഡന്റ് വിജി പ്രദീപ് കുമാര്‍, മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് കെ.ജി. സജിത്ത് കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.