പാല്‍ച്ചുരം റോഡ് അപകടത്തില്‍: ഗതാഗതം പൂര്‍ണമായി നിരോധിച്ചു 

September 5, 2018 0 By Editor
മാനന്തവാടി: വയനാട്-കണ്ണൂര്‍ ജില്ലകളെ ബന്ധിപ്പിക്കുന്ന പാല്‍ച്ചുരം റോഡ് അപകടാവസ്ഥയിലായതോടെ ഇതുവഴിയുള്ള വാഹന ഗതാഗതം പൂര്‍ണമായി നിരോധിച്ചു. താത്കാലികമായി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള പ്രവൃത്തികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണ്. വടകര ചുരം ഡിവിഷനു കീഴില്‍ വരുന്ന പാല്‍ച്ചുരത്തെ ആറര കിലോമീറ്റര്‍ റോഡില്‍ മൂന്നര കിലോമീറ്റര്‍ റോഡും തകര്‍ന്നു. കാലവര്‍ഷത്തില്‍ പത്ത് കോടിയിലേറെ രൂപയുടെ നാശനഷ്ടമുണ്ടായി എന്നാണ് പ്രാഥമിക കണക്ക്. എന്നാല്‍ നഷ്ടം ഇതിലും കുടുതലാണ്. റോഡ് പൂര്‍ണമായും ഗതാഗത യോഗ്യമാക്കണമെങ്കില്‍ മാസങ്ങളെടുക്കും.
ചുരം റോഡിലെ ഒരു ഭാഗം മൂന്നൂറ് മീറ്റര്‍ ഉയരത്തില്‍ പാറക്കെട്ടുകളും എതിര്‍ഭാഗം ഇരുന്നൂറ് മീറ്ററിലധികം താഴ്ചയുള്ള വലിയ ഗര്‍ത്തവുമാണ്. പാറക്കെട്ടുകളും മണ്ണും വീണാണ് റോഡും സംരക്ഷണ ഭിത്തികളും തകര്‍ന്നത്. ഗര്‍ത്തമുള്ള ഭാഗത്തെ റോഡിന്റെ സംരക്ഷണഭിത്തികള്‍ ഭൂരിഭാഗം സ്ഥലത്തും തകര്‍ന്നിട്ടുണ്ട്. സംരക്ഷണഭിത്തി നിര്‍മിച്ച് റോഡ് ഗതാഗതയോഗ്യമാക്കാന്‍ കാലതാമസമെടുക്കുന്നതിനാല്‍ റോഡിന്റെ ഒരു ഭാഗത്തുള്ള കുന്ന് ഇടിച്ച് നിരത്തിയാണ് ഇപ്പോള്‍ റോഡ് നിര്‍മിക്കുന്നത്. മൂന്ന് മീറ്റര്‍ വീതിയിലാണ് മണ്ണിടിക്കുന്നത്. ജെസിബി ഉപയോഗിച്ച് കുന്നും പാറക്കെട്ടുകളും ഇളക്കി മാറ്റിയാണ് റോഡ് നിര്‍മാണം. റോഡ് നിര്‍മിക്കുന്ന ഭാഗത്ത് വീണ്ടും മണ്ണിടിയുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
തലപ്പുഴ ബോയ്‌സ് ടൗണില്‍ തുടങ്ങുന്ന പാല്‍ച്ചുരം റോഡ് പൂര്‍ണമായും കണ്ണൂര്‍ ജില്ലയുടെ ഭാഗമാണ്. മൂന്ന് മുടിപ്പിന്‍ വളവുകളുള്ള പാല്‍ച്ചുരം റോഡില്‍ ബോയ്‌സ് ടൗണ് മുതലുള്ള മൂന്നര കിലോമീറ്റര്‍ റോഡാണ് പൂര്‍ണമായും തകര്‍ന്നത്. അന്പായത്തോട് വരെയുള്ള മൂന്നര കിലോമീറ്റര്‍ റോഡ് ഭാഗികമായും തകര്‍ന്നിട്ടുണ്ട്. ചുരം റോഡിന്റെ ഇരുഭാഗവും വനമാണ്. <br> <br> 2000 മുതലാണ് ഇതുവഴി ഗതാഗതം ആരംഭിച്ചത്. വയനാട്ടില്‍ നിന്നും എളുപ്പത്തില്‍ കണ്ണൂര്‍ ജില്ലയുടെ മലയോര മേഖലകളായ പേരാവൂര്‍, ഇരിട്ടി, ശ്രീകണ്ഠാപുരം, ഇരിക്കൂര്‍, പരിയാരം എന്നിവിടങ്ങളിലേക്ക് എത്തിപ്പെടാന്‍ പാല്‍ച്ചുരത്തെയാണ് യാത്രക്കാര്‍ ആശ്രയിക്കുന്നത്.