പ്രളയത്തിനു ശേഷം രോഗങ്ങള്‍ വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍

പ്രളയത്തിനു ശേഷം രോഗങ്ങള്‍ വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍

August 20, 2018 0 By Editor

വെള്ളപ്പൊക്കം വരുത്തി വച്ച ദുരിതങ്ങളില്‍ നിന്നും കൈത്താങ്ങുകളില്‍ പിടിച്ചു കര കയറാന്‍ ശ്രമിയ്ക്കുകയാണ് നമ്മുടെ കൊച്ചു കേരളം. വെള്ളം ഇറങ്ങിയതോടെ പ്രശ്‌നം കുറേ തീര്‍ന്നുവെങ്കിലും അടുത്തതായി നാം നേരിടാന്‍ പോകുന്ന വലിയൊരു വെല്ലുവിളിയുണ്ട്, ദുരന്തത്തിന്റെ ബാക്കിപത്രമായി വരുന്ന രോഗങ്ങളും ആരോഗ്യ പ്രശ്‌നങ്ങളും.

ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ക്ക് വെള്ളമിറങ്ങിയതോടെ തുടക്കമാകുമെന്ന് ആരോഗ്യവിദഗ്ധരും മുന്നറിയിപ്പു നല്‍കുന്നുണ്ട്. വെള്ളത്തിലൂടെ പകരാവുന്ന രോഗങ്ങള്‍ക്കാണു സാധ്യതയേറേ. കാരണം മലിന ജലം തന്നെ കാരണം. ചത്തടിഞ്ഞ ആടുമാടുകളുടെ അവശിഷ്ടങ്ങളും മറ്റും ഒരു പിടി ആരോഗ്യ പ്രശ്‌നങ്ങളിലേയ്ക്കു വഴി തെളിയിക്കുമെന്ന ഉത്തമ ബോധ്യത്തോടെ വേണം, നാം മുന്‍കരുതലുകളെടുക്കാന്‍.

വെള്ളം
കിണറിലെ വെള്ളം മലിനമായാല്‍ ഇത് മുഴുവനും വറ്റിച്ച ശേഷം വീണ്ടും വരുന്ന വെള്ളം ഉപയോഗിയ്ക്കുന്നതാണ് നല്ലത്. വെള്ളം വറ്റിച്ച ശേഷം ബ്ലീച്ചിംഗ് പൗഡറോ ക്ലോറിന്‍ ഗുളികകളോ ഇടാം.1000 ലിറ്റര്‍ വെള്ളത്തിന് 4 ഗ്രാം ബ്ലീച്ചിംഗ് പൗഡര്‍ എന്ന കണക്കില്‍ ഇടുക. 20 ലിറ്റര്‍ വെള്ളത്തിന് 1 ക്ലോറിന്‍ ഗുളിക എന്നതാണ് കണക്ക്. കിണറ്റിലെ വെള്ളം മാത്രമല്ല, കിണറിന്റെ പരിസരവും വൃത്തിയാക്കുന്നത് ഏറെ നല്ലതാണ്. ഇത് ഇ കോളി ബാക്ടീരിയയെ കൊന്നൊടുക്കും. ഇതുപോലെ ക്ലോറിനേറ്റഡ് വെള്ളം കൊണ്ടുതന്നെ പാത്രങ്ങളും മറ്റും കഴുകുന്നതാണ് നല്ലത്. കയ്യിലും മറ്റും ഗ്ലൗസ് ഉപയോഗിയ്ക്കുന്നതും നല്ലതാണ്.

യാതൊരു കാരണവശാലും തിളപ്പിയ്ക്കാത്ത വെള്ളം കുടിയ്ക്കരുത്. ഇത് വെള്ളപ്പൊക്ക ബാധിത മേഖലയല്ലെങ്കില്‍ പോലും. കാരണം വെള്ളപ്പൊക്കത്തെ തുടര്‍ന്നുള്ള വെള്ളം ഭൂമിയിലൂടെ എവിടെ വേണമെങ്കിലും എത്താനുള്ള സാധ്യതകള്‍ കൂടുതലാണ്. വെറുതെ തിളപ്പിയ്ക്കുകയല്ല, നല്ലപോലെ തിളച്ച് അല്‍പനേരം കഴിഞ്ഞതിനു ശേഷം മാത്രം ഉപയോഗിയ്ക്കുക. ഇതില്‍ ശരീരത്തിന് പ്രതിരോധ ശേഷി നല്‍കുന്ന വസ്തുക്കള്‍, തുളസി, കറിവേപ്പില, അല്ലെങ്കില്‍ കറുവാപ്പട്ട, ഏലയ്ക്ക എന്നിവ എല്ലാം ഇട്ടു തിളപ്പിയ്ക്കുന്നത് ഏറെ നല്ലതാണ്. ഇതുപോലെ തിളപ്പിച്ച വെള്ളത്തിന്റെ കൂടെ പച്ചവെള്ളം കലര്‍ത്തി ചൂടു കുറച്ചു കുടിയ്ക്കരുത്. ഇങ്ങനെ ചെയ്താല്‍ തിളപ്പിച്ച വെള്ളത്തിന്റെ ഗുണം ഇല്ലാതാകും.

മലിന ജലത്തില്‍ കഴിവതും ഇറങ്ങരുത്. ഇതുപോലെ വെള്ളക്കെട്ടിലും. പ്രത്യേകിച്ചും കാലില്‍ മുറിവുകളോ മറ്റോ ഉണ്ടെങ്കില്‍. ഇറങ്ങേണ്ടി വന്നാല്‍ തന്നെ തിരിച്ചെത്തി ചൂടുവെള്ളവും അണുനാശിനികളും ചേര്‍ത്തു കലര്‍ത്തിയ വെള്ളത്തില്‍ കൈ കാലുകള്‍ നല്ലപോലെ കഴുകുക. കൈകള്‍ നല്ലപോലെ സോപ്പിട്ടു കഴുകിയ ശേഷം മാത്രം ഭക്ഷണം ഉണ്ടാക്കുക, കഴിയ്ക്കുക.

വീടിന്റെ ചുറ്റും കെട്ടി നില്‍ക്കുന്ന ജലത്തിലുമെല്ലാം ബ്ലീച്ചിംഗ് പൗഡര്‍ ഇടുന്നത് നല്ലതാണ്. ഇത് കുറച്ചു ദിവസത്തേയ്ക്ക് അടുപ്പിച്ചു ചെയ്യുകയും വേണം.

പഴകിയ ആഹാരം
പഴകിയ ആഹാരം ഉപയോഗിയ്ക്കാതിരിയ്ക്കുക. പാകം ചെയ്ത ഭക്ഷണം നല്ലപോലെ അടച്ചു വയ്ക്കുക. ഫ്രിഡ്ജിലെ ഭക്ഷണം ഒഴിവാക്കുന്നതാണ് നല്ലത്. ഇതുപോലെ വാങ്ങുന്ന പച്ചക്കറികളും പഴങ്ങളുമല്ലൊം അതീവശ്രദ്ധയോടെ വെള്ളത്തില്‍ പല വട്ടം കഴുകിയ ശേഷം ഉപയോഗിയ്ക്കുക. ഇത്തരമൊരു ദുരന്തത്തില്‍ ഇവയില്‍ അണുക്കളുണ്ടാകാനുള്ള സാധ്യത ഏറെയാണ്.

ഛര്‍ദി

ഒആര്‍എസ് പോലുള്ള ലായനികളുടെ പായ്ക്കു സൂക്ഷിയ്ക്കുക. ഛര്‍ദി, വയറിളക്ക രോഗങ്ങള്‍ക്ക ഇത്തരം ഘട്ടത്തില്‍ സാധ്യത കൂടുതലാണ്. ഇത്തരം രോഗങ്ങള്‍ വന്നാല്‍ ധാരാളം വെള്ളം കുടിയ്ക്കുക. കരിക്കിന്‍ വെള്ളം പോലുള്ളവ ഗുണം നല്‍കും.

പനി
വിവിധ തരം പനികള്‍ പടരാനുള്ള സാധ്യത ഏറെയാണ്. പ്രത്യേകിച്ചും എലിപ്പനി, ഡെങ്കു പോലുള്ളവ. പനി ഇതുകൊണ്ടു തന്നെ നിസാരമായി എടുത്ത് സ്വയം ചികിത്സ വേണ്ട്. പെട്ടെന്നു തന്നെ മെഡിക്കല്‍ സഹായം തേടുക. മലിനജലത്തില്‍ ഇറങ്ങേണ്ടി വന്നാല്‍ എലിപ്പനിയ്ക്കുള്ള പ്രതിരോധ നടപടികള്‍ സ്വീകരിയ്ക്കുക.

ഇഴജന്തുക്കളുടെ ഉപദ്രവം

വെള്ളപ്പൊക്ക ഭീഷണിയെ തുടര്‍ന്നുള്ള മറ്റൊരു ഭീഷണിയാണ് ഇഴജന്തുക്കളുടെ ഉപദ്രവം. പ്രത്യേകിച്ചും പാമ്ബു പോലുള്ളവ പല വീടുകളിലും എത്തിയതായി റിപ്പോര്‍്ട്ടുകളുണ്ട്. പാമ്ബിന്റെ കടിയേറ്റാല്‍ തന്നെ ആദ്യം കടിയേറ്റ ഭാഗം സോപ്പും ഡെറ്റോളുമിട്ടു വൃത്തിയായി കഴുകുക. അതിനു മുന്‍പായി മുറിവിനു മുകളില്‍ തുണി കൊണ്ടോ മറേറാ കെട്ടുക. ഈ കെട്ട് അയയാനും വല്ലാതെ മുറുകാനും പാടില്ല. ധാരാളം വെള്ളം കുടിയ്ക്കാന്‍ നല്‍കുക. മധുരമുള്ള പാനീയമല്ല, ശുദ്ധജലമോ ഉപ്പിട്ട കഞ്ഞിവെള്ളമോ നല്ലതാണ്. ഉടന്‍ തന്നെ ചികിത്സ തേടുക. അല്ലാതെ സ്വയം ചികിത്സ തേടി അപകടം വരുത്തരുത്.

രോഗങ്ങള്‍ തടയാന്‍

രോഗങ്ങള്‍ തടയാന്‍ വീട്ടിനകവും നല്ല പോലെ വൃത്തിയാക്കുക. ഡെറ്റോള്‍, ഫിനോള്‍ തുടങ്ങിയവ ഉപയോഗിയ്ച്ചു വേണം, വൃത്തിയാക്കാന്‍. ഇതുപോലെ ടോയ്‌ലറ്റിലെ ഫഌ് ആദ്യം അടിച്ചു വെള്ളം വന്നതിനു ശേഷം മാത്രം ഇതും ഉപയോഗിയ്ക്കുക. ടോയ്‌ലറ്റിലും അണുനാശിനികള്‍ ഒഴിയ്ക്കുന്നതു നല്ലതാണ്. വീടിന്റെ ജനലുകളും മറ്റു തുറന്നു വച്ച് സൂര്യവെളിച്ചവും വായുസഞ്ചാരവുമെല്ലാം ഉറപ്പു വരുത്തണം. ഇത് അണുക്കളെ അകററാന്‍ ഏറെ അത്യാവശ്യവുമാണ്.