പ്രശസ്ത മദ്ദള കലാകാരനായ എടപ്പാള്‍ അപ്പുണ്ണി അന്തരിച്ചു

May 11, 2018 0 By Editor

തൃശുര്‍: മുതിര്‍ന്ന മദ്ദള കലാകാരനായ എടപ്പാള്‍ അപ്പുണ്ണി അന്തരിച്ചു. കുന്നംകുളത്തു മകളുടെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം.

പിതാവ് തൃത്താല തേറമ്പത്ത് രാമന്‍നായരുടെ ശിക്ഷണത്തില്‍ കടവല്ലൂര്‍ ശ്രീരാമസ്വമി ക്ഷേത്രത്തില്‍ ഇരുപത്തൊന്നാം വയസ്സിലാണ് തകില്‍വാദ്യത്തില്‍ അരങ്ങേറ്റം കുറിച്ചത്. 1978ല്‍ തന്റെ ഗുരുനാഥന്‍ കൂടിയായ വാദ്യകലാനിധി കടവല്ലൂര്‍ അരവിന്ദാക്ഷനുമായി ചേര്‍ന്ന് മദ്ദളതായമ്പക എന്ന താളവാദ്യ മാതൃക ആവിഷ്‌കരിച്ചതോടെ സംസ്ഥാനത്തിനകത്തും പുറത്തും പ്രശസ്തനായി.

കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്, പി.കെ. രാമകൃഷ്ണന്‍ അക്കാദമി അവാര്‍ഡ്, കേരള ക്ഷേത്രവാദ്യകലാ അക്കാദമി പുരസ്‌കാരം, പൂമുള്ളി ആറാം തമ്പുരാന്‍ സ്മാരക സുവര്‍ണ പുരസ്‌കാരം, ഗുരുവായൂര്‍ ഭജനസംഘം അയ്യപ്പ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ഇതിനു പുറമേ എടപ്പാള്‍ ജേസീസിന്റെ നേതൃത്വത്തില്‍ പൗരാവലി വീരശൃംഖല നല്‍കി ആദരിക്കുകയും ചെയ്തു. ഒട്ടേറെ സ്വര്‍ണമെഡലുകളും അദ്ദേഹത്തിനു ലഭിച്ചു. 1961 മുതല്‍ കോഴിക്കോട് ആകാശവാണിയില്‍ കലാകാരനായിരുന്നു. തിരുവനന്തപുരം ദൂരദര്‍ശനിലെ ആദ്യത്തെ മദ്ദള വായന അപ്പുണ്ണിയുടേതായിരുന്നു.