റെക്കോര്‍ഡ് നേട്ടത്തോടെ മീന്‍വല്ലം ചെറുകിട ജലവൈദ്യുത പദ്ധതി നാലാം വര്‍ഷത്തിലേക്ക്

August 29, 2018 0 By Editor

കല്ലടിക്കോട്: ജില്ലാ പഞ്ചായത്തിന്റെ മീന്‍വല്ലം ചെറുകിട ജലവൈദ്യുത പദ്ധതി റെക്കോര്‍ഡ് നേട്ടത്തിന്റെ നിറവില്‍ നാലാം വര്‍ഷത്തിലേക്ക്. വൃഷ്ടിപ്രദേശത്ത് ലഭിച്ച കനത്തമഴയെ തുടര്‍ന്നുണ്ടായ ജല ലഭ്യതയാണ് പദ്ധതി ലക്ഷ്യമിട്ടതിലും ഉപരിയായി വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ സീസണില്‍ കഴിഞ്ഞത്. പ്രതിവര്‍ഷം 85 ലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉല്‍പാദന ലക്ഷ്യം എന്നാല്‍ 93.61 ലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിച്ച് ഇത്തവണ കെഎസ്ഇബിക്ക് കൈമാറി.

യൂണിറ്റിന് 4.88 പ്രകാരം നാല് കോടി 56 ലക്ഷം രൂപ പദ്ധതിക്ക് ലഭിച്ചു. 2014 ഓഗസ്റ്റ് 29 ന് ആരംഭിച്ച പദ്ധതി ഇതുവരെ 2.82 കോടി യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിച്ചിട്ടുണ്ട്. 2019ല്‍ ബാധ്യത തീര്‍ക്കാനാവുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ജില്ലയിലെ 20 പഞ്ചായത്തുകളും 12 ബ്ലോക്ക് പഞ്ചായത്തുകളും തുടക്കത്തില്‍ നല്‍കിയ തുക കൊടുത്ത് തീര്‍ക്കുന്നതോടെ ബ്രേക്ക് ഇവന്‍ പ്രോജക്ടായി മാറും.

ചൈനീസ് മാതൃകയില്‍ രാജ്യത്ത് ആദ്യമായി ഒരു ജില്ലാ പഞ്ചായത്ത് ഏറ്റെടുത്ത് നടപ്പാകിയതാണ് പാലക്കാടിന്റെ ആഭിമാനമായ കരിമ്പ പഞ്ചായത്തിലെ മീന്‍വല്ലം ജലവൈദ്യുത പദ്ധതി. നബാഡില്‍നിന്നും വായ്പയെടുത്ത7.79 കോടിയില്‍ 5.78 കോടിയും അടച്ച് തീര്‍ത്തുകഴിഞ്ഞു. പ്രകൃതി ദുരന്തത്തെ തുടര്‍ന്ന് തിളങ്ങുന്ന നേട്ടത്തിനിടയിലും ആഘോഷം മാറ്റി വച്ചിരിക്കുകയാണ്.