സ്‌കൂള്‍ ശാസ്ത്രമേളയ്ക്കിടെ അഗ്‌നിപര്‍വത മാതൃക പൊട്ടിത്തെറിച്ചു: 53 പേര്‍ക്ക് പരിക്കേറ്റു

സ്‌കൂള്‍ ശാസ്ത്രമേളയ്ക്കിടെ അഗ്‌നിപര്‍വത മാതൃക പൊട്ടിത്തെറിച്ചു: 53 പേര്‍ക്ക് പരിക്കേറ്റു

September 15, 2018 0 By Editor

അങ്കമാലി: സ്‌കൂള്‍ ശാസ്ത്രമേളയ്ക്കിടെ അഗ്‌നിപര്‍വത മാതൃക പൊട്ടിത്തെറിച്ച് നിരവധി കുട്ടികള്‍ക്ക് പരിക്ക്. അങ്കമാലി ഹോളി ഫാമിലി ഹൈസ്‌കൂളില്‍ നടന്ന ശാസ്ത്രമേളയ്ക്കിടെയാണ് സംഭവം. ശാസ്ത്രമേളയില്‍ പ്രദര്‍ശിപ്പിക്കാനായി വിദ്യാര്‍ഥികള്‍ തന്നെ നിര്‍മിച്ച മാതൃകയാണ് പൊട്ടിത്തെറിച്ചത്.

അപകടത്തില്‍ ഒരു അധ്യാപിക ഉള്‍പ്പെടെ 52 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരതരമല്ല. പലരും പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം ആശുപത്രി വിട്ടു.

ശനിയാഴ്ച രാവിലെ 11.30ഓടെയാണ് സംഭവം. ശാസ്ത്രമേളയില്‍ അഗ്‌നിപര്‍വത മാതൃക പ്രവര്‍ത്തിപ്പിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മാതൃകയില്‍ പൊട്ടിത്തെറി കാണിക്കുന്നതിനായി വെടിമരുന്ന് ഉപയോഗിച്ചിരുന്നതായി സംശയിക്കുന്നുണ്ട്. പൊട്ടിത്തെറിയില്‍, മാതൃക നിര്‍മിക്കാന്‍ ഉപയോഗിച്ചിരുന്ന മണ്ണും കല്ലും മറ്റും ചിതറിത്തെറിച്ചാണ് അധ്യാപികയ്ക്കും കുട്ടികള്‍ക്കും പരിക്കേറ്റത്.

സ്ഥലത്ത് പോലീസും ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും എത്തിയിട്ടുണ്ട്. നിലവില്‍ ഗുരുതര സാഹചര്യങ്ങളൊന്നുമില്ലെന്ന് പോലീസ് അറിയിച്ചു.