ഷാഫി പറമ്ബില്‍ എംഎല്‍എ രാജിവച്ചു

July 23, 2018 0 By Editor

ന്യൂഡല്‍ഹി: യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഷാഫി പറമ്ബില്‍ എംഎല്‍എ രാജിവച്ചു. രണ്ടാഴ്ച മുന്‍പ് ചുമതല ഒഴിഞ്ഞെങ്കിലും അദ്ദേഹമോ പാര്‍ട്ടിയോ ഇത് രഹസ്യമാക്കിവയ്ക്കുകയായിരുന്നു. കര്‍ണാടക തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അഴിമതിയാണ് കാരണമെന്ന് ഐ ഗ്രൂപ്പ് പറയുമ്‌ബോള്‍, നേതൃത്വവുമായുള്ള ഭിന്നതയെ തുടര്‍ന്നാണ് രാജിയെന്ന് എ ഗ്രൂപ്പ് വാദിക്കുന്നു. ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ ഷാഫിക്ക് യൂത്ത് കോണ്‍ഗ്രസ് കര്‍ണാടക ഘടകത്തിന്റെ ചുമതലയുണ്ടായിരുന്നു. തെരഞ്ഞെടുപ്പില്‍ പണം വാങ്ങി ദുര്‍ബലരായ നേതാക്കള്‍ക്ക് സീറ്റ് തരപ്പെടുത്തിക്കൊടുത്തെന്നാണ് ഷാഫിക്കെതിരെയുള്ള ആരോപണം. തുടര്‍ന്നാണ് ഷാഫിയെ നീക്കിയത്.

കേരളത്തിലെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ലക്ഷ്യമിട്ടാണ് ഷാഫിയുടെ രാജിയെന്നും, ജനറല്‍ സെക്രട്ടറിയേക്കാള്‍ സ്വാധീനം സംസ്ഥാന പ്രസിഡന്റിനാണെന്നും പറഞ്ഞ എ ഗ്രൂപ്പ് ഇതിന് തടയിടുന്നതിനാണ് അഴിമതി ആരോപണം ഉന്നയിക്കുന്നതെന്നുമാണ് വാദിക്കുന്നു. പാലക്കാട് എംഎല്‍എ കൂടിയായ ഷാഫിക്ക് കേരളത്തില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതിനാണ് താല്‍പര്യവും. അഞ്ച് വര്‍ഷത്തോളമായി എ ഗ്രൂപ്പുകാരന്‍ തന്നെയായ ഡീന്‍ കുര്യാക്കോസാണ് അധ്യക്ഷന്‍. ഉടന്‍ തന്നെ യൂത്ത് കോണ്‍ഗ്രസ്സില്‍ സംഘടനാ തെരഞ്ഞെടുപ്പും നടക്കാനുണ്ട്. നിലവില്‍ എ ഗ്രൂപ്പിന് തന്നെയാണ് അധ്യക്ഷ സ്ഥാനത്തേക്ക് സാധ്യതയും. ഇത് മുന്‍കൂട്ടിക്കണ്ടാണ് രാജിയെന്ന് എ ഗ്രൂപ്പ് കേന്ദ്രങ്ങള്‍ പറയുന്നു.