തൃശ്ശൂര്‍ പൂരം: വെട്ടിക്കെട്ടിനു കാണികള്‍ക്ക് സമ്പൂര്‍ണ വിലക്ക്

തൃശ്ശൂര്‍ പൂരം: വെട്ടിക്കെട്ടിനു കാണികള്‍ക്ക് സമ്പൂര്‍ണ വിലക്ക്

April 23, 2018 0 By Editor

തൃശൂര്‍: പ്രശസ്തമായ തൃശൂര്‍ പൂരം വെടിക്കെട്ടിനു കാണികള്‍ക്കു വിലക്കേര്‍പ്പെടുത്തുന്നു. സുരക്ഷയെ മുന്‍നിര്‍ത്തി ഡിജിപി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടിയെന്ന് ജില്ലാ പൊലീസ് അറിയിച്ചു. ഇക്കാര്യത്തില്‍ ദേവസ്വം അധികൃതരുമായി ഇനി ചര്‍ച്ചകള്‍ അനുവദിക്കില്ലെന്നും പൊലീസ് വ്യക്തമാക്കി. ഇതോടെ തിങ്കളാഴ്ച നടക്കുന്ന സാംപ്ള്‍ വെടിക്കെട്ടും വ്യാഴാഴ്ച പുലര്‍ച്ചെ നടക്കുന്ന പൂരം വെടിക്കെട്ടും കാണാന്‍ പൊതുജനങ്ങള്‍ക്ക് അവസരമില്ലാതായി.

പൂരം വെടിക്കെട്ടു നടക്കുന്ന രാഗം തിയറ്റര്‍ മുതല്‍ നായ്ക്കനാല്‍വരെ പൊതുജനങ്ങള്‍ നില്‍ക്കുന്നത് തടയാനാണ് തീരുമാനം. വെടിക്കെട്ട് അവസാനിക്കുന്ന ഫിനിഷിങ് പോയിന്റ് ഒഴിച്ചുള്ള സ്ഥലത്തു കാണികളെ നേരത്തെ അനുവദിച്ചിരുന്നു. അവിടെയും കാണികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താനാണ് പൊലീസ് തീരുമാനം. പൂരം വെടിക്കെട്ടിന്റെ ചരിത്രത്തില്‍ ആദ്യമായാണു കാണികള്‍ക്ക് ഇത്തരമൊരു സമ്പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തുന്നത്. ഇതോടെ കാണികളില്ലാതെ പൂരം വെടിക്കെട്ടു നടത്തേണ്ട അവസ്ഥയിലായി ദേവസ്വം ഭാരവാഹികള്‍.