ടോളുകള്‍ ഇനി യാത്രകള്‍ക്ക് തടസമാക്കില്ല: സഞ്ചരിക്കുന്ന ദൂരത്തിന് മാത്രം പണം

ടോളുകള്‍ ഇനി യാത്രകള്‍ക്ക് തടസമാക്കില്ല: സഞ്ചരിക്കുന്ന ദൂരത്തിന് മാത്രം പണം

April 12, 2018 0 By Editor

മുംബൈ: ദേശീയ പാതകളില്‍ സഞ്ചരിക്കുന്ന ദൂരത്തിനനുസരിച് മാത്രം ടോള്‍ നല്‍കുന്ന സംവിധാനം വരുന്നു. ‘ജിയോ ഫെന്‍സിങ്’ എന്ന് പേരിട്ടിരിക്കുന്ന പുതിയ സംവിധാനത്തില്‍ യഥാര്‍ത്ഥത്തില്‍ എത്ര കിലോമീറ്റര്‍ സഞ്ചരിച്ചു എന്ന് കണക്കാക്കി അതിനു മാത്രം ടോള്‍ കൊടുക്കുന്ന രീതിയാണ് നാഷണല്‍ ഹൈവേ അതോറിറ്റി നടപ്പാക്കുന്നത്.

ഇത് ഒരു പൈലറ്റ് പദ്ധതിയായി രണ്ടാഴ്ചക്കകം ഡല്‍ഹി – മുംബൈ പാതയില്‍ നടപ്പാക്കുകയാണ്. ജിപിഎസ് അല്ലെങ്കില്‍ റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ സാങ്കേതിക വിദ്യയിലാണ് ജിയോ ഫെന്‍സിങ് പ്രവര്‍ത്തിക്കുന്നത്. ഒരു വാഹനം ദേശീയ പാതയില്‍ പ്രവേശിക്കുന്നത് മുതല്‍ പാതയില്‍ നിന്ന് മാറുന്നത് വരെ അതിനെ ട്രാക്ക് ചെയ്യുന്ന സംവിധാനമാണ് ഇത്. അതുകൊണ്ട് നിശ്ചിത ദൂരത്തിന് പണം നല്‍കിയാല്‍ അത്രയും ദൂരം മാത്രമേ സഞ്ചരിക്കാന്‍ കഴിയൂ. വാഹനം ഹൈവേയില്‍ കയറുമ്പോഴും വിടുമ്പോഴും ടോള്‍ പ്ലാസയില്‍ സിഗ്‌നല്‍ ലഭിക്കുന്നു. അതുകൊണ്ട് കൂടുതല്‍ ദൂരം സഞ്ചരിച്ചാല്‍ അടുത്ത ടോള്‍ ബൂത്തില്‍ വാഹനം തടയും.

ഇലക്ട്രോണിക് രീതിയിലാണ് ഇതിന്റെ പേയ്‌മെന്റ്. ടോള്‍ റെമിറ്റ് ചെയ്താല്‍ യാത്രക്കിടയിലുള്ള മറ്റു ബൂത്തുകളില്‍ തടസം കൂടാതെ പോകാം. ഇതിനായി വാഹനത്തിന്റെ മുന്‍ വശത്തെ ചില്ലില്‍ ഫാസ്റ്റാഗ് ഫിക്‌സ് ചെയ്യും. ഇത് പണം അടച്ച ദൂരത്തിലുള്ള ടോള്‍ പ്ലാസകള്‍ തുറക്കാന്‍ സിഗ്‌നല്‍ നല്‍കും. ഇവര്‍ക്ക് ക്യൂവില്‍ കിടക്കാതെ പ്രത്യേക ലെയ്‌നിലൂടെ പോകാനും കഴിയും.