സിപിഎം പാർട്ടി കോൺഗ്രസിന് മാവോയിസ്റ്റ് ഭീഷണിയെന്ന് ഇന്റെലിജൻസ് റിപ്പോർട്ട് !

സിപിഎം പാർട്ടി കോൺഗ്രസിന് മാവോയിസ്റ്റ് ഭീഷണിയെന്ന് ഇന്റെലിജൻസ് റിപ്പോർട്ട് !

April 3, 2022 0 By Editor

കണ്ണൂർ: കണ്ണൂരിൽ നടക്കുന്ന സിപിഎം പാർട്ടി കോൺഗ്രസിന് മാവോയിസ്റ്റ് ഭീഷണിയെന്ന് ഇന്റെലിജൻസ് റിപ്പോർട്ട്. പിണറായി വിജയനും പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഉൾപ്പെടെ പങ്കെടുക്കുന്ന പരിപാടിയിൽ ഇതോടെ കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കുന്നത്. ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാനെത്തുന്ന ദേശീയ നേതാക്കളിൽ ചിലർക്ക് ഇപ്പോഴേ മാവോയിസ്റ്റ് ഭീഷണി നിലവിലുണ്ട്. ഇന്ന് സിൽവർ ലൈനിനെതിരായി താമരശേരിയിൽ മാവോയിസ്റ്റ് പോസ്റ്ററുകൾ കൂടി കണ്ടതോടെ പഴുതടച്ച സുരക്ഷയാണ് കണ്ണൂരിൽ പോലീസ് ഒരുക്കുന്നത്. മറുനാടൻ അടക്കമുള്ള ചില ഓൺലൈൻ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.

വയനാട്ടിലും കോഴിക്കോടും സിപിഎം സർക്കാർ നടപ്പിലാക്കുന്ന കെ റെയിൽ പദ്ധതി കൃഷി ഭൂമിനശിപ്പിക്കുമെന്ന് ആരോപിച്ച് മാവോയിസ്റ്റുകളുടെ പേരിൽ പോസ്റ്റർ പ്രചാരണം നടന്നിരുന്നു. ഈ പശ്ചാലത്തിൽ കണ്ണൂരിലെ പാർട്ടി കോൺഗ്രസിനും ഭീഷണിയുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തത്. ഇതോടെ പോലീസ് അതീവ ജാഗ്രതയിലാണ്. ഏപ്രിൽ ആറുമുതൽ പത്തുവരെയാണ് പാർട്ടി കോൺഗ്രസ് നടക്കുന്നത്.

മുഖ്യമന്ത്രി പിണറായിവിജയന് നേരത്തെ മാവോയിസ്റ്റ് ഭീഷണിയുള്ളതിനാൽ അദ്ദേഹത്തിന്റെ പിണറായിയിലുള്ള വീടിന് പൊലിസ് അതീവ സുരക്ഷയേർപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയെ കൂടാതെ സി.പി. എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, മന്ത്രിമാരായ എം.വി ഗോവിന്ദൻ, സജി ചെറിയാൻ എന്നിവർ കണ്ണൂരിൽ ഉണ്ട്.

പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്ന ബംഗാൾ, ത്രിപുര, ആന്ധ്ര, തെലങ്കാന, ആസാം പ്രതിനിധികളിൽ ചിലർക്ക് നിലവിൽ മാവോയിസ്റ്റ് ഭീഷണിയുണ്ട്. അതുകൊണ്ടു തന്നെ ഇവർ താമസിക്കുന്ന ഹോട്ടലുകൾക്ക് പ്രത്യേക സുരക്ഷയൊരുക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം വയനാട് താമരശ്ശേരി മട്ടിക്കുന്നിലാണ് സിൽവർലൈൻ പദ്ധതിക്കെതിരെ വ്യാപകമായി പോസ്റ്ററുകൾ പതിക്കുകയും ലഘുലേഖകൾ വിതരണം ചെയ്യുകയും ചെയ്തു. മട്ടിക്കുന്നിലെ ബസ് സ്റ്റോപ്പിലും സമീപപ്രദേശങ്ങളിലുമാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. മട്ടിക്കുന്ന് അങ്ങാടിയിൽ കഴിഞ്ഞ രാത്രിയിൽ ഇറങ്ങിയ മാവോയിസ്റ്റുകളാണ് പോസ്റ്ററുകൾ പതിച്ചെന്നാണ് നിഗമനം. സിൽവർലൈൻവിരുദ്ധ സമരസമിതിക്ക് പിന്തുണ പ്രഖ്യാപിക്കുന്ന പോസ്റ്റിൽ സിൽവർലൈനിനും പിണറായി സർക്കാരിനുമെതിരെ സമരത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.