പ്രളയം; 12 കോടി രൂപ നല്‍കണമെന്ന് കെ.എസ്.ആര്‍.ടി.സി ആവശ്യപ്പെട്ടു

September 16, 2018 0 By Editor

പ്രളയക്കെടുതിയില്‍ സേവനം നടത്തിയതിന് പ്രതിഫലമായി 12 കോടി രൂപ നല്‍കണമെന്ന് കെ.എസ്.ആര്‍.ടി.സി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. രക്ഷാപ്രവര്‍ത്തനത്തിനായി വിട്ടുകൊടുത്ത ബസുകളുടെ വാടകയും സാധനങ്ങള്‍ എത്തിച്ചുകൊടുത്തതില്‍ ചെലവായ തുകയുമാണ് ചോദിച്ചിരിക്കുന്നത്. പ്രളയക്കെടുതിയില്‍ കെ.എസ്.ആര്‍.ടിക്കുണ്ടായ 127 കോടി രൂപയുടെ നഷ്ടം അനുവദിച്ച് തരണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ബസ്സൊന്നിന് ദിവസം മുപ്പതിനായിരം രൂപ വാടക നല്‍കണം. പത്തുദിവസത്തേക്ക് ആകെ 9.06 കോടി രൂപ. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത പൊലീസ് ഉള്‍പ്പടെയുള്ള രക്ഷാപ്രവര്‍ത്തകരെ വിവിധയിടങ്ങളില്‍ എത്തിക്കാനായി ബസോടിയ വകയില്‍ ചെലവ് 2.36 കോടി. ആകെ 11.42 കോടി. കനത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കെ.എസ്.ആര്‍.ടി.സിക്ക് ഈ നഷ്ടം ഏറ്റെടുക്കാനാകില്ല. അതുകൊണ്ടുതന്നെ തുക അനുവദിച്ച് നല്‍കണമെന്നാണ് എം.ഡി ടോമിന്‍ തച്ചങ്കരി റവന്യു സെക്രട്ടറി പി.എച്ച് കുര്യന് നല്‍കിയ കത്തില്‍ പറയുന്നത്. ഇതില്‍ രണ്ടരക്കോടി അനുവദിച്ചതായി സൂചനയുണ്ട്. പ്രളയക്കെടുതിയില്‍ കെ.എസ്.ആര്‍.ടി.സിക്ക് 127 കോടിയോളം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് വിലയിരുത്തല്‍. കട്ടപ്പന,റാന്നി ഡിപ്പോകള്‍ ഉരുള്‍പൊട്ടലിലും മലവെള്ളത്തിലും ഒലിച്ചുപോയി. ആറ് ഡിപ്പോകള്‍ പൂര്‍ണമായും 16 ഡിപ്പോകള്‍ ഭാഗികമായും വെള്ളത്തില്‍ മുങ്ങി. കാസര്‍കോട്, കൊല്ലം, തിരുവനന്തപുരം ജില്ലകളിലൊഴിച്ച് മറ്റിടങ്ങളിലെ ഡിപ്പോകളില്‍ വെള്ളം കയറി കംപ്യൂട്ടര്‍ അടക്കമുള്ളവ നശിച്ചു. നഷ്ടത്തിന്റ വിശദമായ കണക്കും സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്.