ചര്‍ച്ചയില്‍ നിന്ന് ഇന്ത്യ പിന്മാറി: ഇമ്രാന്‍ ഖാനെ വിമര്‍ശിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍

ഇസ്ലാമാബാദ്: പാക്കിസ്ഥാനുമായുള്ള ചര്‍ച്ചയില്‍ നിന്ന് ഇന്ത്യ പിന്മാറിയതിനെ തുടര്‍ന്ന് പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ വിമര്‍ശിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത്. ഇന്ത്യയുമായുള്ള ചര്‍ച്ചകള്‍ തുടരുന്നതിന് ഇമ്രാന്‍ ഖാന്‍…

ഇസ്ലാമാബാദ്: പാക്കിസ്ഥാനുമായുള്ള ചര്‍ച്ചയില്‍ നിന്ന് ഇന്ത്യ പിന്മാറിയതിനെ തുടര്‍ന്ന് പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ വിമര്‍ശിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത്. ഇന്ത്യയുമായുള്ള ചര്‍ച്ചകള്‍ തുടരുന്നതിന് ഇമ്രാന്‍ ഖാന്‍ തിടുക്കം കാണിച്ചെന്ന് പ്രധാനപ്പെട്ട രണ്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ കുറ്റപ്പെടുത്തി. ഇന്ത്യയുമായി ചര്‍ച്ചയ്ക്കുള്ള പ്രഖ്യാപനം നടത്തുന്നതിന് മുമ്പ് ആവശ്യമായ ഗൃഹപാഠം ചെയ്യണമായിരുന്നെന്നും പാക്കിസ്ഥാന്‍ മുസ്ലിം ലീഗ് (നവാസ് ) ,പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (പി.പി.പി) എന്നിവ വ്യക്തമാക്കി.

കശ്മീരിലെ ഷോപ്പിയാനില്‍ ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരര്‍ മൂന്നു പൊലീസുകാരെ തട്ടിക്കൊണ്ടുപോയി വധിച്ചതിലും ഭീകരവാദത്തെ മഹത്വവത്കരിച്ച് പാക്കിസ്ഥാന്‍ തപാല്‍ സ്റ്റാമ്പിറക്കിയതിലും പ്രതിഷേധിച്ചാണ് ന്യൂയോര്‍ക്കില്‍ ഇരു രാജ്യങ്ങളുടേയും വിദേശകാര്യ മന്ത്രിമാര്‍ തമ്മില്‍ നടത്താനിരുന്ന ചര്‍ച്ചയില്‍ നിന്ന് ഇന്ത്യ പിന്മാറിയത്. ഇതിന് പിന്നാലെ ഇരു പാര്‍ട്ടികളും സര്‍ക്കാര്‍ വൃത്തങ്ങളെ സന്ദര്‍ശിക്കുകയും നയതന്ത്ര തലത്തിലുണ്ടായ തിരിച്ചടിക്ക് ഉത്തരവാദിത്തം സര്‍ക്കാരിനാണെന്ന് വ്യക്തമാക്കുകയുമായിരുന്നു.

മുന്‍ വിദേശകാര്യ മന്ത്രിയും പി.എം.എല്‍ (എന്‍) നേതാവുമായ ക്വാജ ആസിഫ് മുഹമ്മദും ഇമ്രാന്‍ ഖാനെ വിമര്‍ശിച്ചു. പാക്കിസ്ഥാന്‍ ഭീകരതയ്‌ക്കെതിരെ നടപടി സ്വീകരിക്കുന്നില്ലെന്ന് ഇന്ത്യയും അമേരിക്കയും അടുത്തിടെ സംയുക്ത പ്രസ്താവന ഇറക്കിയത് മറന്നുകൊണ്ടായിരുന്നു ഇമ്രാന്റെ നീക്കമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ത്യയും അമേരിക്കയും പാക്കിസ്ഥാനെ കുറ്റപ്പെടുത്തുമ്പോഴും ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പ്രഖ്യാപിച്ചതിലൂടെ പാക്കിസ്ഥാന്റെ ദൗര്‍ബല്യമാണ് വെളിവായതെന്നും ആസിഫ് പറഞ്ഞു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story