വിപ്ലവാത്മകമായ വിധി: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം

വിപ്ലവാത്മകമായ വിധി: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം

September 28, 2018 0 By Editor

ഡല്‍ഹി: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ സുപ്രീം കോടതിയുടെ വിപ്ലവാത്മകമായ വിധി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. അഞ്ചംഗ ബഞ്ചിലെ നാല് ജസ്റ്റിസുമാരും ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചു. ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര മാത്രമാണ് സ്ത്രീ പ്രവേശത്തെ എതിര്‍ത്തത്. ലിംഗവിവേചനം ഒരിക്കലും അനുവദിക്കില്ല എന്ന് വിധി പ്രസ്താവത്തില്‍ സുപ്രിം കോടതി ചീഫ് ജസ്റ്റിസ് എടുത്തുപറഞ്ഞു.

ആര്‍ത്തവത്തിന്റെ പേരില്‍ പ്രവേശനം വിലക്കിയത് ഭരണഘടനാ വിരുദ്ധമാണോയെന്ന് കോടതി പരിശോധിച്ചു. പ്രായഭേദമന്യേയുള്ള സ്ത്രീ പ്രവേശനത്തെ സംസ്ഥാന സര്‍ക്കാര്‍ പിന്തുണച്ചപ്പോള്‍ നിലവിലെ ആചാരങ്ങള്‍ തുടരണമെന്നായിരുന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിലപാട്.
പത്തിനും അന്‍പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ ശബരിമല ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാത്തത് തുല്യത, വിവേചനം ഇല്ലാതാക്കല്‍ മതസ്വാതന്ത്ര്യം എന്നീ ഭരണഘടനാ ചട്ടങ്ങളുടെ ലംഘനമാണോ, സ്ത്രീകള്‍ക്ക് പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത് അനുവാര്യമായ മതാചാരമാണോ എന്നതുള്‍പ്പെടെയുള്ള വിഷയങ്ങളാണ് ഭരണഘടനാ ബെഞ്ച് പരിഗണിച്ചത്. ശബരിമല ഭക്തരെ പ്രത്യേക വിഭാഗമായി പരിഗണിച്ചാല്‍ സ്ത്രീപ്രവേശനത്തിനുള്ള നിയന്ത്രണം നിലനില്‍ക്കുമോയെന്നും,ഒരു പൊതു ആരാധനാലയത്തിന് ധാര്‍മ്മികതയുടെ പേരില്‍ സ്ത്രീപ്രവേശനത്തിന് വിലക്കേര്‍പ്പെടുത്താന്‍ കഴിയുമോയെന്നും കോടതി പരിഗണിച്ചു.

ഇതിന് പുറമെ ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ക്ക് കേരള ഹിന്ദു പൊതു ആരാധനാലയ ചട്ടം മൂന്ന് ബി മൗലികാവകാശങ്ങളുടെ ലംഘനമാണോയെന്നും, നിലവിലെ നിയന്ത്രണം ശരിവെച്ച 1991 ലെ ഹൈക്കോടതി വിധിക്കെതിരെ അന്ന് അപ്പീല്‍ നല്‍കാത്ത സാഹചര്യത്തില്‍ ഇപ്പോഴത്തെ റൂട്ട് ഹര്‍ജിക്ക് നിയമസാധ്യതയുണ്ടോ എന്നതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ പരിശോധിച്ച ശേഷമാണ് കോടതി വിധി പ്രസ്താവന പുറപ്പെടുവിച്ചത്.

ശബരിമല പ്രവേശന നിയന്ത്രണങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ യംങ് വുമണ്‍സ് ലോയേഴ്‌സ് അസോസിയേഷന്‍ അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജികള്‍ എട്ട് ദിവസമാണ് കോടതി വാദം കേട്ടത്. ഹര്‍ജിക്കാരുടെ ആവശ്യത്തെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, ശബരിമല തന്ത്രി, പന്തളം രാജാവ്, എന്‍എസ്എസ്, ഹിന്ദു സംഘടനകള്‍ എന്നിവര്‍ എതിര്‍ത്തു.

അതേസമയം, ക്ഷേത്രത്തില്‍ പുരുഷന് പ്രവേശനം ഉണ്ടെങ്കില്‍ സ്ത്രീകള്‍ക്കും പ്രവേശനം ഉണ്ടെന്നായിരുന്നു വാദം കേള്‍ക്കുന്നതിനിടെ ഭരണഘടനാ ബെഞ്ച് നടത്തിയ സുപ്രധാനമായ നിരീക്ഷണം. ആരാധനയ്ക്കുള്ളത് തുല്യ അവകാശമാണെന്നും ശബരിമല പൊതുക്ഷേത്രമാണെന്നും ചൂണ്ടിക്കാട്ടിയ കോടതി, സ്ത്രീകള്‍ക്ക് അസാധ്യമായ ഉപാധിയാണ് പ്രവേശനത്തിന് അടിസ്ഥാനമാക്കിയതെന്നും ഇത് പരോക്ഷ നീതി നിഷേധമാകില്ലേയെന്നും വാദം കേള്‍ക്കുന്നതിനിടെ ആരാഞ്ഞിരുന്നു.