മാലിന്യ നിക്ഷേപ കേന്ദ്രത്തിൻ്റെ കവാടത്തിനു സമീപം റോഡരികിൽ മാലിന്യ കൂമ്പാരം; കണ്ടില്ലെന്ന് നടിച്ച് അധികൃതർ

December 30, 2018 0 By Editor

വടക്കാഞ്ചേരി: സർവ ശുദ്ധി കടലാസിൽ, മാലിന്യ നിക്ഷേപ കേന്ദ്രത്തിൻ്റെകവാടത്തിനു സമീപം റോഡരികിൽ മാലിന്യ കൂമ്പാരം. കണ്ടില്ലെന്ന് നടിച്ച് അധികൃതർ. മാലിന്യം  റോഡരികിൽ കൊണ്ട് വന്ന് തള്ളുന്നത് നിത്യസംഭവം. പാർളിക്കാട് കുമ്പളങ്ങാട് റോഡിലെ നഗര സഭയുടെ മാലിന്യ നിക്ഷേപ കേന്ദ്രത്തിന് മുന്നിൽ കൊണ്ട് വന്ന് തള്ളുന്ന മാലിന്യമാണ് നാട്ടുകാരെ ദുരിതത്തിലാക്കുന്നത്. നിക്ഷേപ കേന്ദ്രത്തിന്റെ  ഗേറ്റും മതിലും ചിത്രങ്ങൾ വരച്ച് പെയിന്റടിച്ച് മനോഹരമാണെങ്കിലും റോഡും പരിസരവും അങ്ങേയറ്റം വൃത്തിഹീനമാണ്. ദുർഗന്ധം വമിക്കുന്ന മാലിന്യങ്ങൾ റോഡരികിൽ നിന്ന് നീക്കം ചെയ്യാൻ തയ്യാറാകണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. വിദ്യാർത്ഥികൾ ഉൾപ്പടെ നിരവധി പേരാണ് ഈ വഴിയിലൂടെ യാത്ര ചെയ്യുന്നത്. കാൽനടയാത്രികർ അനുഭവിക്കുന്ന ദുരിതവും ചില്ലറയല്ല. മാലിന്യത്തിനിടയിൽ പരതുന്ന തെരുവുനായ്ക്കളുടെ വിഹാരവും ഇവിടെ പതിവുകാഴ്ചയാണ്. രാത്രിയുടെ മറവിലും മറ്റുമാണ് മാലിന്യം തള്ളുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. മാരകരോഗങ്ങൾ പടർന്നു പിടിക്കാനുള്ള സാധ്യതകളും ഏറെയാണ്. മാലിന്യ നിക്ഷേപ കേന്ദ്രത്തിന്റെ മുന്നിലായിട്ടു പോലും നീക്കം ചെയ്യാതിരിക്കുകയും  പ്രദേശത്തെ റോഡും പരിസരവും  വൃത്തിഹീനമാക്കുന്നവർക്കെതിരെ നടപടിയെടുക്കാത്തത് എന്തുകൊണ്ടെന്ന് നാട്ടുകാർ ചോദിക്കുന്നു. നിക്ഷേപ കേന്ദ്രത്തിന്റെ മതിലും കവാടവുമൊക്കെ ചിത്രം വരച്ച് ഭംഗിയായി പെയിന്റടിച്ച് വൃത്തിയാക്കി സുന്ദരമാക്കിയ അധികൃതർക്ക് റോഡും പരിസരവും സംരക്ഷിക്കാൻ കഴിയാത്തതിന് മറുപടി പറയണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.

Report.: സിന്ധുരാനായർ