കേരളത്തിന്റെ വരുമാനത്തിലും ലാഭത്തിലും ഒന്നാം സ്ഥാനത്ത് ബിഎസ്എന്‍എല്‍
തിരുവനന്തപുരം: കടുത്ത മത്സരത്തിനിടയിലും കേരളത്തിന്റെ വരുമാനത്തിലും ലാഭത്തിലും ഒന്നാം സ്ഥാനത്ത് ബി.എസ്.എന്‍.എല്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കേരളത്തില്‍ ബി.എസ്.എന്‍.എല്ലിലേക്ക് ചേക്കേറിയത് 18 ലക്ഷം പുതിയ വരിക്കാരാണ്. മൊത്തം 1.05 Cr മൊബൈല്‍ വരിക്കാരുമായി സംസ്ഥാനത്ത് രണ്ടാംസ്ഥാനത്താണ് ബി.എസ്.എന്‍.എലെന്ന് ചീഫ് ജനറല്‍ മാനേജര്‍ ഡോ. പി.ടി. മാത്യു പറഞ്ഞു.
മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റിയിലൂടെ (എം.എന്‍.പി) 20,000ലേറെപ്പേര്‍ പ്രതിവര്‍ഷം ബി.എസ്.എന്‍.എല്ലിലേക്ക് എത്തുന്നുണ്ട്. നടപ്പുവര്‍ഷം 24 ലക്ഷം മൊബൈല്‍ കണക്ഷനുകളും 1.8 ലക്ഷം ലാന്‍ഡ്‌ലൈനുകളും രണ്ടുലക്ഷം ബ്രോഡ്ബാന്‍ഡ് കണക്ഷനുകളും 30,000 പുതിയ ഫൈബര്‍ ടു ഹോം കണക്ഷനുകളും നല്‍കുകയാണ് ലക്ഷ്യം. എഫ്.ടി.ടി.എച്ച് സാങ്കേതികവിദ്യ ഉപയോഗിച്ച് സെക്കന്‍ഡില്‍ 100 എം.ബി വരെ വേഗതയിലുള്ള ഇന്റര്‍നെറ്റ് സേവനം ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാന്‍ സൗകര്യമൊരുക്കും.
വൈ ഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണവും കൂടി. സംസ്ഥാനത്ത് നിലവില്‍ 600 ഹോട്ട്‌സ്‌പോട്ടുകളുണ്ട്. ഗ്രാമീണ മേഖലയിലെ 620 എക്‌സ്‌ചേഞ്ചുകളില്‍ കൂടി സൗജന്യ ഹോട്ട്‌സ്‌പോട്ടുകള്‍ സ്ഥാപിക്കും. വര്‍ദ്ധിച്ച ഡാറ്റാ ട്രാഫിക് കൈകാര്യം ചെയ്യാന്‍ എറണാകുളത്ത് പുതിയ അന്താരാഷ്ട്ര ഗേറ്റ് വേ റൗട്ടര്‍ സ്ഥാപിച്ചിട്ടുണ്ട്. എല്ലാ നെറ്റ്‌വര്‍ക്കിലേക്കും പരിധിയില്ലാത്ത കോളുകളും ഡാറ്റയും ലഭ്യമാകുന്ന മൂന്ന് മൊബൈല്‍ കണക്ഷനോട് കൂടിയ പുതിയ കുടുംബ ബ്രോഡ്ബാന്‍ഡ് പ്ലാന്‍ 1,199 രൂപയ്ക്ക് ലഭ്യമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ നഗര ലാന്‍ഡ്‌ലൈന്‍ വരിക്കാര്‍ക്കായി 240 രൂപയ്ക്കും ഗ്രാമീണ വരിക്കാര്‍ക്കായി 180 രൂപ, 220 രൂപ എന്നിങ്ങനെയും മൂന്ന് ലാന്‍ഡ്‌ലൈന്‍ പ്ലാനുകളും അവതരിപ്പിച്ചു. ബി.എസ്.എന്‍.എല്‍ സംഘടിപ്പിച്ച ബി.എസ്.എന്‍.എല്‍ ട്യൂണ്‍സ്' മത്സര വിജയിയായ സേതുലക്ഷ്മി കൃഷ്ണപിള്ളയ്ക്ക് 25,000 രൂപയുടെ ചെക്ക് ചടങ്ങില്‍ ഡോ. പി.ടി. മാത്യുവും ജനറല്‍ മാനേജര്‍ ഡോ.എസ്. ജ്യോതിശങ്കറും ചേര്‍ന്ന് കൈമാറി.