മുടി നീട്ടി വളർത്തിയ ഗെറ്റപ്പ് മറ്റൊരു സിനിമക്ക് വേണ്ടി മാറ്റി " ഈ കാരണത്താൽ നിര്‍മാതാവ് വധഭീഷണി മുഴക്കിയതായി നടന് ഷെയ്ന് നിഗം
കൊച്ചി: നിര്‍മാതാവ് തനിക്കെതിരെ വധഭീഷണി മുഴക്കുന്നുവെന്ന ആരോപണവുമായി നടന് ഷെയ്ന് നിഗം. നിര്‍മാതാവ് ജോബി ജോര്‍ജിനെതിരെയാണ് ഷെയ്ന് രംഗത്തെത്തിയത്. ജോബിയുടെ സിനിമയുമായി ബന്ധപ്പെട്ട് നീട്ടി വളര്‍ത്തിയ മുടി മറ്റൊരു സിനിമയ്ക്കായി മുറിച്ചതാണ് വധ ഭീഷണിക്കു കാരണമെന്ന് ഷെയ്ന് പറയുന്നു.
ജോബി ജോര്‍ജ് നിര്‍മിക്കുന്ന വെയില് എന്ന ചിത്രത്തിലെ നായകനാണ് ഷെയിന്‍ . കുര്‍ബാനി എന്ന ചിത്രത്തിനായി താന്‍ തലമുടി മുറിച്ചത് നിര്‍മാതാവായ ജോബിയെ പ്രകോപിപ്പിച്ചുവെന്നും ഇതാണ് വധഭീഷണിക്ക് കാരണമെന്നും ഇന്‍സ്റ്റഗ്രാമിലെ വീഡിയോയില്‍ ഷെയിന്‍ ആരോപിച്ചു. പരിഹരിക്കാവുന്ന ഒരു ഗെറ്റപ്പ് ചെയ്ഞ്ചിന്റെ പേരിലാണ് നിര്‍മാതാവ് തന്നെ ആക്ഷേപിക്കുകയും ഭീഷണി പ്പെടുത്തുകയും ചെയ്യുന്നത്. സംഭവത്തെക്കുറിച്ച് താരസംഘടനയായ അമ്മയ്ക്ക് പരാതി നല്‍കിയെന്നും പോലീസിനെ സമീപിച്ച് നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും ഷെയ്ന് പറഞ്ഞു.