പ്രമേഹരോഗികള്‍ റമസാന്‍ നോമ്പ് അനുഷ്ഠിക്കാമോ?

ഏതൊരു പ്രമേഹ ചികിത്സകനും അഭിമുഖീകരിക്കേണ്ടിവരുന്ന ചോദ്യമാണ് റമസാന്‍ നോമ്പ് എടുക്കാമോ എന്നത്. 'ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍ റമസാന്‍ വ്രതം എടുക്കണമെന്നില്ല; നന്മ പ്രവര്‍ത്തിച്ചാല്‍ മതി' എന്ന് പരിശുദ്ധ…

ഏതൊരു പ്രമേഹ ചികിത്സകനും അഭിമുഖീകരിക്കേണ്ടിവരുന്ന ചോദ്യമാണ് റമസാന്‍ നോമ്പ് എടുക്കാമോ എന്നത്. 'ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍ റമസാന്‍ വ്രതം എടുക്കണമെന്നില്ല; നന്മ പ്രവര്‍ത്തിച്ചാല്‍ മതി' എന്ന് പരിശുദ്ധ ഖുര്‍ആന്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ടെങ്കിലും രോഗികള്‍ പലപ്പോഴും അതില്‍ തൃപ്തരാവില്ല എന്നതാണു വാസ്തവം.

പ്രമേഹരോഗത്തിന്റെ അവസ്ഥ, രോഗിയുടെ പ്രായം, രോഗി ഉപയോഗിക്കുന്ന മരുന്നുകള്‍, രോഗിക്കുള്ള മറ്റു സങ്കീര്‍ണതകള്‍ എന്നിവ അടിസ്ഥാനമാക്കി മാത്രമേ റമസാന്‍ വ്രതാനുഷ്ഠാനത്തെക്കുറിച്ചു തീരുമാനിക്കാനാവൂ. വ്രതാനുഷ്ഠാനം പ്രമേഹരോഗികളില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവു കുറഞ്ഞുപോകുന്നതിനും നിര്‍ജ്ജലീകരണത്തിനും കാരണമായേക്കാം എന്നതാണു പ്രധാനകാരണം.

റമസാന്‍ വ്രതാനുഷ്ഠാനത്തെക്കുറിച്ചു ചിന്തിക്കുമ്പോള്‍ രോഗികളെ പ്രധാനമായും മൂന്നു വിഭാഗമായി തിരിക്കാം.

1. തീവ്ര ഗുരുതരാവസ്ഥയിലുള്ളവര്‍ (Very High Risk)

ഇവര്‍ വ്രതം എടുക്കാനേ പാടില്ല. മൂന്നു മാസത്തിനിടയില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് അപകടകരമാംവിധം വളരെ കുറഞ്ഞുപോയിട്ടുള്ളവര്‍, കൂടിപോയിട്ടുള്ളവര്‍, പ്രമേഹംമൂലമുള്ള വൃക്കരോഗമുള്ളവര്‍, പ്രമേഹം കണ്ണിനെ ബാധിച്ചവര്‍, ഹൃദയാഘാതം വന്നവര്‍, പ്രമേഹം നാഡികളെ ബാധിച്ചതിനാല്‍ രക്തത്തിലെ പഞ്ചസാര കുറയുന്നത് തിരിച്ചറിയാന്‍ കഴിയാത്തവര്‍ (Hypoglycaemia Unawareness) , പ്രായം കൂടിയ പ്രമേഹരോഗികള്‍, ഡയാലിസിസിന് വിധേയരാവുന്നവര്‍, ടൈപ്പ് 1 പ്രമേഹരോഗികള്‍, ഗര്‍ഭാവസ്ഥയിലുള്ളവര്‍, ഓര്‍മപ്പിശകുളളവര്‍.

2. ഗുരുതരാവസ്ഥയിലുള്ളവര്‍ (High Risk)

ഇവരും വ്രതം അനുഷ്ഠിക്കാന്‍ പാടില്ലാത്തതാണ്. നിയന്ത്രണവിധേയമല്ലാത്ത പ്രമേഹരോഗമുള്ളവര്‍. രക്തത്തിലെ പഞ്ചസാരയുടെ അളവു വളരെ കുറയ്ക്കുന്ന (Hypoglycaemia) തരം മരുന്നുകള്‍ ഉപയോഗിക്കുന്ന പ്രമേഹരോഗികള്‍, വര്‍ഷങ്ങളായി പ്രമേഹരോഗമുള്ളവര്‍, പ്രമേഹ പാദരോഗമുള്ളവര്‍.

3.മിതമായ അളവില്‍ അല്ലെങ്കില്‍ വളരെ കുറഞ്ഞ അളവില്‍ പ്രമേഹം ഉള്ളവര്‍ (Moderate to Low Risk)

ഭക്ഷണനിയന്ത്രണത്തിലൂടെയും വ്യായാമത്തിലൂടെയും നല്ലരീതിയില്‍ പ്രമേഹം നിയന്ത്രിക്കുന്നവര്‍. കുറഞ്ഞ അളവില്‍ മരുന്ന് ഉപയോഗിച്ച് പ്രമേഹം നിയന്ത്രിക്കുന്നവര്‍, രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയാന്‍ സാധ്യത ഇല്ലാത്ത പ്രമേഹരോഗികള്‍. ഇവര്‍ വ്രതം അനുഷ്ഠിക്കുന്നതുകൊണ്ടു പ്രശ്‌നമില്ല.

വ്രതാനുഷ്ഠാനം തുടങ്ങുംമുന്‍പ്

വ്രതാനുഷ്ഠാനം തുടങ്ങുംമുന്‍പു ചികിത്സിക്കുന്ന ഡോക്ടറെക്കണ്ടു മരുന്നുകളില്‍ വ്യതിയാനം വേണ്ട വ്യതിയാനം വരുത്താന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഉദാഹരണത്തിന് മൂന്നുനേരം മരുന്നു കഴിക്കുന്നവര്‍ അതു രണ്ടു നേരമായി ക്രമീകരിക്കണം. രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കുന്ന മരുന്നുകള്‍ വൈകിട്ടു നോമ്പു തുറക്കുന്ന സമയത്തു കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇന്‍സുലിന്‍ എടുക്കുന്ന രോഗികള്‍ ദിവസത്തില്‍ ഇടയ്ക്കിടെ രക്തത്തിലെ പഞ്ചസാരയുടെ അളവു പരിശോധിച്ച് അതിനനുസൃതമായി മാത്രം ഇന്‍സുലിന്‍ എടുക്കണം.

രക്തത്തിലെ പഞ്ചസാരയുടെ അളവു വളരെയധികം കുറയ്ക്കാത്തതരം ഇന്‍സുലിനിലേക്ക് ഈ സമയത്തു മാറുന്നതും നല്ലത്. അതുപോലെ രക്തത്തിലെ പഞ്ചസാരയുടെ അളവു വളരെയധികം കുറയ്ക്കാത്ത പല മരുന്നുകളും (ഗ്ലിപ്റ്റിസുകളും ഗ്ലിഫ്‌ളോസിനുകളും) വിപണിയില്‍ ലഭ്യമായതിനാല്‍ അത് ഉപയോഗിക്കുന്നതും ഹൈപോഗ്ലൈസീമിയ തടയാന്‍ സഹായിക്കും.

പകല്‍മുഴുവന്‍ ഭക്ഷണംകഴിക്കാതെ രാത്രി വളരെ കൂടുതല്‍ ഭക്ഷണം കഴിക്കുന്ന രീതി നല്ലതല്ല. വ്രതാനുഷ്ഠാനസമയത്തും ഭക്ഷണക്രമീകരണം പാലിച്ചേ മതിയാവൂ. പഞ്ചസാര പൂര്‍ണമായും ഒഴിവാക്കണം. കൊഴുപ്പുകൂടിയ ഭക്ഷണപദാര്‍ഥങ്ങളും കഴിവതും ഒഴിവാക്കണം. ഭക്ഷണം ചെറിയ അളവില്‍ ഒന്നുരണ്ടു പ്രാവശ്യമായി കഴിക്കാന്‍ ശ്രമിക്കണം. ഉറക്കം ഒഴിവാക്കാതിരിക്കാനും ശ്രദ്ധിക്കണം. രാവിലെ വ്രതാനുഷ്ഠാനം തുടങ്ങുംമുന്‍പ് നിര്‍ബന്ധമായും അത്താഴം കഴിക്കണം. അത് കഴിയുന്നത്ര താമസിച്ചു കഴിക്കുന്നതാണു നല്ലത്. ധാരാളം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. പഴവര്‍ഗങ്ങളും മിതമായി ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.

രോഗലക്ഷണം അവഗണിക്കരുത്

രക്തത്തിലെ പഞ്ചസാര കുറയുന്നതിന്റെ ലക്ഷണങ്ങളായ തലവേദന, ക്ഷീണം, ശരീരം, വിയര്‍ക്കല്‍, ശരീരം വിറയല്‍, അമിത വിശപ്പ് എന്നിവയില്‍ എന്തെങ്കിലും അനുഭവപ്പെട്ടാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവു പരിശോധിക്കണം. റമസാന്‍ സമയത്ത് ഒരു കാരണവശാലും പ്രമേഹരോഗി മരുന്നു നിര്‍ത്തരുത്. ഡോക്ടറുടെ നിര്‍ദേശപ്രകാരമല്ലാതെ മരുന്ന് ഒഴിവാക്കുന്നതും മറ്റു സങ്കീര്‍ണതകള്‍ക്ക് കാരണമായേക്കാം. നോമ്പുകാലത്ത് കടുത്ത ശാരീരിക അധ്വാനമുള്ള വ്യായാമങ്ങള്‍ ഒഴിവാക്കണം. നടത്തംപോലെ മിതമായ വ്യായാമം തുടരാം.

ഓരോ പ്രമേഹരോഗിയും അവരുടെ രോഗാവസ്ഥയും വ്യത്യസ്തമാണെന്നതിനാല്‍ ചികിത്സിക്കുന്ന ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം മാത്രമേ പ്രമേഹരോഗികള്‍ വ്രതാവുഷ്ഠാനത്തെക്കുറിച്ച് തീരുമാനം എടുക്കാവൂ.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story