ഏഴു വര്‍ഷമായിട്ടും കേരള പോലീസ് നിയമത്തിന് ചട്ടങ്ങളായില്ല

കൊച്ചി: അച്ചടക്കവും കാര്യക്ഷമതയും നിഷ്പക്ഷതയും ലക്ഷ്യമിട്ട് 2011ല്‍ കൊണ്ടുവന്ന കേരള പൊലീസ് നിയമത്തിന് ഏഴുവര്‍ഷമായിട്ടും ചട്ടങ്ങളായില്ല. പൊലീസ് സംഘടനകളുടെ സമ്മര്‍ദമാണ് സര്‍ക്കാറുകള്‍ മുഖം തിരിക്കാന്‍ കാരണം. കരട് ചട്ടത്തിലെ വ്യവസ്ഥകള്‍ പലതും താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കണ്ടതോടെ അന്തിമ ചട്ടം നിലവില്‍ വരാതിരിക്കാന്‍ പൊലീസ് സംഘടനകള്‍ കടുത്ത സമ്മര്‍ദമാണ് ചെലുത്തിയത്. പൊലീസിലെ രാഷ്ട്രീയ അതിപ്രസരം വീണ്ടും ചര്‍ച്ചയായിരിക്കെ പൊലീസ് നിയമം കര്‍ശനമായി നടപ്പാക്കണമെന്ന ആവശ്യം ശക്തമാണ്. നിയമം ഉടന്‍ നടപ്പാക്കുന്നതിന് ചട്ടങ്ങള്‍ ഉണ്ടാക്കാന്‍ ഡി.ജി.പിയുടെ അഭ്യര്‍ഥനപ്രകാരം സര്‍ക്കാര്‍ 2011ല്‍ റിട്ട.എസ്.പി കെ.എന്‍. ജനരാജന്റെ നേതൃത്വത്തില്‍ അഞ്ചംഗ സമിതിയെ നിയോഗിച്ചു. മൂന്നുവര്‍ഷം കഴിഞ്ഞിട്ടും ചട്ടങ്ങളുണ്ടാക്കാനായില്ല.

2014 നവംബറില്‍ സി.ബി.സി.ഐ.ഡി എസ്.പി എ. അക്ബറിന്റെ നേതൃത്വത്തില്‍ സമിതി പുനഃസംഘടിപ്പിച്ചു. 2015ല്‍ കരട് ചട്ടങ്ങളായി. അസോസിയേഷന്‍ പ്രവര്‍ത്തനം സംബന്ധിച്ച കരട് ചട്ടത്തിലെ നിര്‍ദേശങ്ങളാണ് സംഘടനകളുടെ എതിര്‍പ്പിന് ഇടയാക്കിയത്. ചട്ടങ്ങള്‍ നടപ്പാക്കിയിരുന്നെങ്കില്‍ പൊലീസില്‍ അനഭിലഷണീയ പ്രവണതകള്‍ ഉണ്ടാകില്ലായിരുന്നു. അന്തിമ ചട്ടങ്ങള്‍ അടിയന്തരമായി നടപ്പാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും നിവേദനം നല്‍കിയതായി ആര്‍.ടി.ഐ കേരള ഫെഡറേഷന്‍ പ്രസിഡന്റ് ഡി.ബി. ബിനു അറിയിച്ചു.

കരട് ചട്ടത്തിലെ പ്രധാന നിര്‍ദേശങ്ങള്‍

1. പൊലീസ് അസോസിയേഷനുകള്‍ പ്രത്യക്ഷമായോ പരോക്ഷമായോ ഒരുവിധ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലും പെങ്കടുക്കരുത്.
2. ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ വീഴ്ച ഉണ്ടാകാത്ത വിധത്തിലേ അസോസിയേഷന്‍ അംഗങ്ങളും ഭാരവാഹികളും പ്രവര്‍ത്തിക്കാവൂ.
3. അസോസിയേഷനുകളില്‍ തുടര്‍ച്ചയായി രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ ജില്ല, സംസ്ഥാന ഭാരവാഹിത്വം വഹിക്കരുത്.
4. അസോസിയേഷന്‍ ഭാരവാഹികള്‍ സംസ്ഥാന പൊലീസ് മേധാവിയുടെ അനുമതിയില്ലാതെ പത്ര, ദൃശ്യ, സമൂഹ മാധ്യമങ്ങളുമായി ആശയവിനിമയം നടത്തുകയോ ഏതെങ്കിലും വിവരം പ്രസിദ്ധപ്പെടുത്തുകയോ ചെയ്യരുത്.
5. അസോസിയേഷന്‍ സമ്മേളനങ്ങള്‍ ഒരു ദിവസത്തില്‍ കൂടുതല്‍ നീളരുത്.
6. അസോസിയേഷനുകള്‍ സ്വകാര്യവ്യക്തികളില്‍ നിന്നോ സ്ഥാപനങ്ങളില്‍നിന്നോ പണമോ മറ്റ് വസ്തുക്കളോ സാമ്പത്തിക ആനുകൂല്യങ്ങളോ സ്വീകരിക്കരുത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ഈവനിംഗ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *