കോഴിക്കോട്ട് ക്ഷേത്രങ്ങളില്‍ കവര്‍ച്ച നടത്തിയ അഞ്ചംഗ സംഘം പൊലീസ് പിടിയില്‍; പിടിയിലായവരിൽ പ്രായപൂര്‍ത്തിയാകാത്ത മൂന്നുപേരും

July 13, 2020 0 By Editor

കോഴിക്കോട്: കുന്നത്തുപാലം പാലകുറുമ്പ ഭഗവതി ക്ഷേത്രത്തിലും കോന്തനാരി കൊല്ലറക്കല്‍ ഭഗവതി ക്ഷേത്രത്തിലും മോഷണം നടത്തിയ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചംഗ സംഘത്തെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരുണ്ട്. പെരുവയല്‍ വെള്ളിപറമ്പിൽ ഹാഷിം എന്ന മുന്ന (18), പന്നിയങ്കര ചക്കുംകടവ് എം.പി. ഫാസില്‍ (18) എന്നിവരാണ് സംഘത്തിലെ മുതിര്‍ന്നവര്‍.

സംഘത്തില്‍ നിന്ന് മൂന്നു ബൈക്കുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപമുള്ള ലോഡ്ജില്‍ നിന്നാണ് പിടികൂടിയത്. കുന്നത്തുപാലം പാല കുറുമ്പ ഭഗവതി ക്ഷേത്രത്തിലും കോന്തനാരി കൊല്ലറക്കല്‍ ഭഗവതി ക്ഷേത്രത്തിലും ഭണ്ഡാരങ്ങള്‍ തകര്‍ത്താണ് ഇവര്‍ മോഷണം നടത്തിയത്. ജൂണ്‍ 23ന് പുലര്‍ച്ചെയാണ് മോഷണം നടന്നത്. ജൂവനൈല്‍ നിയമപ്രകാരമുള്ള നടപടികള്‍ ആണ് പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേര്‍ക്കെതിരെ സ്വീകരിക്കുക. കോഴിക്കോട് ഡിസിപി സുജിത്ത് ദാസിന്റെ നേതൃത്വത്തില്‍ കോഴിക്കോട് സൗത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ എ.ജെ. ബാബുവും പന്തീരാങ്കാവ് പൊലീസും നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്.