തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ രോഗിയുടെ വയറ്റില്‍ കത്രിക മറന്നുവെച്ച്‌ തുന്നിക്കെട്ടി

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ രോഗിയുടെ വയറ്റില്‍ കത്രിക മറന്നുവെച്ച്‌ തുന്നിക്കെട്ടി

July 17, 2020 0 By Editor

തൃശൂര്‍: മുളങ്കുന്നത്തുകാവ് ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ രോഗിയുടെ വയറ്റില്‍ കത്രിക മറന്നുവെച്ച്‌ തുന്നിക്കെട്ടി. ഡിസ്ചാര്‍ജ് ചെയ്തതിനു ശേഷവും അസുഖം മാറാതെ അസ്വസ്ഥത അനുഭവപ്പെട്ടപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ പോയി എക്‌സേറെയെടുത്തപ്പോഴാണ് വയറിനുള്ളില്‍ കത്രിക കണ്ടെത്തിയത്. രണ്ടു മാസത്തിനു ശേഷം മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയ ചെയ്ത് കത്രിക പുറത്തെടുത്തു. കണിമംഗലം വലിയാലുക്കല്‍ മാളിയേക്കല്‍ വീട്ടില്‍ ജോസഫ് പോളിന്റെ (55) വയറ്റിലാണ് ആറ് ഇഞ്ച് നീളമുള്ള കത്രിക ശസ്ത്രക്രിയ്ക്കു ശേഷം ഡോക്ടര്‍ മറന്നു വെച്ചത്. സംഭവത്തില്‍ ഗുരുതര വീഴ്ച നടത്തിയ മെഡിക്കല്‍ കോളേജിലെ സര്‍ജന്‍ ഡോ.പോള്‍ ടി.ജോസഫിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, ആരോഗ്യ വകുപ്പ് മന്ത്രി, തൃശൂര്‍ എസിപി തുടങ്ങിയവരുള്‍പ്പെടെയുള്ള അധികൃതര്‍ക്ക് ജോസഫ് പരാതി നല്‍കി.

പാന്‍ക്രിയാസില്‍ തടിപ്പുണ്ടെന്ന് സിടി സ്‌കാനില്‍ കണ്ടതിനെ തുടര്‍ന്നാണ് ഓട്ടോറിക്ഷാ തൊഴിലാളിയായ ജോസഫ് ഏപ്രില്‍ 25ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയത്. അഡ്മിറ്റാകാന്‍ ഡോ.പോളി ടി. ജോസഫ് നിര്‍ദേശിച്ചു. മെയ് 5ന് ശസ്ത്രക്രിയ നടത്താനും തീരുമാനിച്ചു. രോഗിയെ വേണ്ടവിധം പരിചരിക്കാന്‍ പണം വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഏപ്രില്‍ 29ന് ഡോക്ടര്‍ പ്രാക്ടീസ് നടത്തുന്ന കൊടകരയിലെ സ്വകാര്യാശുപത്രില്‍ പോയി 10,000 രൂപ നല്‍കിയതായും ജോസഫിന്റെ ബന്ധുക്കള്‍ പറയുന്നു. മെയ് 5ന് രാവിലെ 11.30ന് തുടങ്ങിയ ശസ്ത്രക്രിയ വൈകിട്ട് 5.30നാണ് പൂര്‍ത്തിയായത്. നാലു ദിവസത്തിനു ശേഷം ഐസിയുവില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റി. പിന്നീട് മെയ് 11ന് വീണ്ടും സ്‌കാന്‍ ചെയ്തപ്പോള്‍ വീണ്ടും ശസ്ത്രക്രിയ വേണമെന്ന് ഡോ.പോളി ടി.ജോസഫ് നിര്‍ദ്ദേശിച്ചു. ഇതേ തുടര്‍ന്ന് മെയ് 12ന് ജോസഫിന് രണ്ടാമതും ശസ്ത്രക്രിയ നടത്തി. ഇതിനു ശേഷം മെയ് 30നാണ് ഡിസ്ചാര്‍ജ് ചെയ്തത്. പിന്നീട് അസ്വസ്ഥത അനുഭവപ്പെട്ടപ്പോഴാണ് വീണ്ടും ആശുപത്രിയില്‍ പോയത്.