
ആലുവ ജില്ലാ ആശുപത്രിയിൽ ചികിത്സ കിട്ടാതെ രോഗി മരിച്ചു
July 27, 2020ആലുവ ജില്ലാ ആശുപത്രിയിൽ ചികിത്സ കിട്ടാതെ രോഗി മരിച്ചു. ആലുവ പുളിഞ്ചുവട് സ്വകാര്യ ഫ്‌ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരൻ വിജയനാണ് ചികിത്സ ലഭിക്കാതെ മരിച്ചത്. കൊവിഡ് സംശയത്തെ തുടർന്ന് ചികിത്സ വൈകിയെന്നാണ് പരാതി.ശ്വാസംമുട്ടും ചുമയും അനുഭവപ്പെട്ടതിനെ തുടർന്ന് രാവിലെ 9.15 നാണ് വിജയനെ ആലുവ ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. ഫ്‌ളാറ്റ് അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് സ്വകാര്യ ആംബുലൻസിലാണ് ഇവിടെ കൊണ്ടുവന്നത്. ആദ്യം അത്യാഹിത വിഭാഗത്തിൽ എത്തിച്ചെങ്കിലും രോഗ ലക്ഷണങ്ങൾ പറഞ്ഞതോടെ പനി പരിശോധന വിഭാഗത്തിലേക്ക് പറഞ്ഞ് വിട്ടു. അവിടെ വൈദ്യുതി ഇല്ലാത്തതിനാൽ കൊവിഡ് ഐസലേഷൻ വിഭാഗത്തിലേക്ക് അയച്ചു. ആരോഗ്യ പ്രവർത്തകർ പിപി കിറ്റ് ധരിച്ച് എത്തിയപ്പോഴേക്കും 10 മണിയോടെ വാഹനത്തിന് ഉള്ളിൽ വച്ച് തന്നെ രോഗി മരിക്കുകയായിരുന്നു. ഫ്‌ളാറ്റിൽ നിന്നും നടന്നാണ് വിജയൻ ആംബുലൻസിൽ കയറിയത്.