
മദ്യത്തിനു പകരം സാനിറ്റൈസര്‍ കുടിച്ച ഒന്‍പതു പേര്‍ മരിച്ചു
July 31, 2020ഹൈദരാബാദ്: മദ്യം ലഭിക്കാത്തതിനാല്‍ ഹാന്‍ഡ് സാനിറ്റൈസര്‍ എടുത്തുകുടിച്ചതിനെ തുടര്‍ന്ന് ആന്ധ്രാപ്രദേശില്‍ ഒന്‍പതുപേര്‍ മരിച്ചു. പ്രകാശം ജില്ലയിലാണ് സംഭവം. മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് ആല്‍ക്കഹോള്‍ അടങ്ങിയിട്ടുള്ള സാനിറ്റൈസര്‍ എടുത്ത് കുടിക്കുകയായിരുന്നു,
കുരിചെടു നഗരത്തിലാണ് സംഭവം നടന്നത്. ഒരാള്‍ ബുധാഴ്ച രാത്രിയും രണ്ടുപേര്‍ വ്യാഴാഴ്ച രാത്രിയും ബാക്കിയുള്ള ആറുപേര്‍ വെള്ളിയാഴ്ച രാവിലെയുമാണ് മരിച്ചത്. എ ശ്രീനു (25), ബി. തിരുപതിയ (37), ജി. റാമിറെഡ്ഡി (60), കദിയം രാംനയ്യ (29), രമണയ്യ (65), രാജിറെഡ്ഡി (65), ബാബു (40), ചാള്‍സ് (45), അഗസ്റ്റിന്‍ (47) എന്നിവരാണ് മരിച്ചത്.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ ആയതിനാല്‍ നഗരത്തിലെയും സമീപപ്രദേശങ്ങളിലെയും മദ്യഷാപ്പുകള്‍ കഴിഞ്ഞ 10 ദിവസമായി അടഞ്ഞുകിടക്കുകയാണ്. ഇതിനെ തുടര്‍ന്നാണ് ഇവര്‍ സാനിറ്റൈസര്‍ കുടിച്ചത്. മരിച്ചവരില്‍ യാചകരും ഉള്‍പ്പെടുന്നു. സമീപപ്രദേശത്തെ ക്ഷേത്രത്തിനടുത്ത് ഭിക്ഷ എടുത്തുകൊണ്ടിരുന്ന രണ്ടുപേര്‍ വയറില്‍ കനത്ത പൊള്ളല്‍ അനുഭവപ്പെടുന്നതായി പരാതിപ്പെടുകയായിരുന്നു. ഒരാള്‍ തല്‍ക്ഷണം മരിച്ചു. അടുത്തയാളെ ദര്‍സിയിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയില്‍ ഇരിക്കേ മരിക്കുകയായിരുന്നു.
വീട്ടില്‍ വെച്ച് സാനിറ്റൈസര്‍ കഴിച്ച 28കാരന്‍ ബോധരഹിതനായി വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ആശുപത്രിയില്‍ വെച്ച് മരണം സംഭവിക്കുകയായിരുന്നു.
വെള്ളിയാഴ്ച രാവിലെയും സമാനമായ ലക്ഷണങ്ങളുമായി ആറുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അവരും മരണത്തിന് കീഴടങ്ങുകയായിരുന്നു. അതേസമയം, സമാനമായ കൂടുതല്‍ കേസുകള്‍ ആശുപത്രിയില്‍ എത്തിയിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ പൊലീസ് ശ്രമം ആരംഭിച്ചു കഴിഞ്ഞു. സംഭവത്തില്‍ അന്വേഷണം നടത്താന്‍ പൊലീസ് സൂപ്രണ്ട് സിദ്ദാര്‍ത്ഥ് കൗശാല്‍ ഉത്തരവിട്ടു. പ്രദേശത്തെ കടകളില്‍ നിന്ന് പിടിച്ചെടുത്തിട്ടുള്ള സാനിറ്റൈസറുകള്‍ വിദഗ്ദ പരിശോധനയ്ക്കായി അയച്ചു.