വനംവകുപ്പ് കസ്റ്റഡിയിലെടുത്ത മത്തായിയുടേത് മുങ്ങിമരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

July 31, 2020 0 By Editor

പത്തനംതിട്ട: ചിറ്റാറിൽ വനംവകുപ്പ് കസ്റ്റഡിയിലെടുത്ത ശേഷം കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ മത്തായിയുടേത് മുങ്ങിമരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം. ശരീരത്തിൽ മർദ്ദനമേറ്റതിന്റെ സൂചനകളില്ലെന്നും തലയുടെ ഇടത് ഭാഗത്ത് ചതവുകളുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. കൈ ഒടിഞ്ഞത് കിണറ്റിൽ വീണപ്പോൾ സംഭവിച്ചതാകാമെന്നാണ് നിഗമനം. വെള്ളിയാഴ്ച ഉച്ചയോടെയാണ് കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായയത്. തുടർനടപടികൾക്കായി ആന്തരികാവയവങ്ങൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം കൂടി ലഭിച്ചാൽ മാത്രമേ മരണകാരണം സംബന്ധിച്ച കാര്യത്തിൽ വ്യക്തത വരുകയുള്ളു. വനംവകുപ്പിന്റെ കസ്റ്റഡിയിൽവെച്ച് മർദ്ദനമേറ്റാണ് മത്തായി മരിച്ചതെന്ന് കുടുംബാഗങ്ങൾ ഉൾപ്പെടെയുള്ളവർ ആരോപിച്ചിരുന്നു. ചൊവ്വാഴ്ച വൈകീട്ട് നാലു മണിക്കാണ് മത്തായിയെ വനപാലകർ ചോദ്യംചെയ്യാനായി കസ്റ്റഡിയിലെടുത്തത്. കുടപ്പനയിൽ വന്യമൃഗസാന്നിധ്യം അറിയുന്നതിനായി വനംവകുപ്പ് സ്ഥാപിച്ച ക്യാമറ മത്തായി തകർത്തെന്നും ഫാമിലെ മാലിന്യം വനത്തിൽ തള്ളുന്നെന്നും ആരോപിച്ചായിരുന്നു നടപടി. പിന്നീട് കുടപ്പനയിലെ കുടുംബവീട്ടിലെ കിണറ്റിനുള്ളിൽ മത്തായിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.