പങ്കെടുത്ത ചടങ്ങില്‍ കോവിഡ് രോഗി; വനംമന്ത്രി കെ. രാജു സ്വയം നിരീക്ഷണത്തിൽ

July 31, 2020 0 By Editor

തിരുവനനന്തപുരം; കോവിഡ് രോഗിയുമായി സമ്പര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് വനം മന്ത്രി കെ രാജു സ്വയം നിരീക്ഷണത്തില്‍ പോയി. കൊല്ലത്ത് കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ ഉദ്ഘാടന ചടങ്ങില്‍ മന്ത്രി പങ്കെടുത്തിരുന്നു. ഈ ചടങ്ങില്‍ പങ്കെടുത്ത ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി മന്ത്രി സ്വയം നിരീക്ഷണത്തിലേക്ക് മാറിയത്. തിരുവനന്തപുരത്തെ വസതിയിലാണ് അദ്ദേഹം നിരീക്ഷണത്തില്‍ കഴിയുന്നത്.
എഫ് എല്‍ സി ടി ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത മന്ത്രിയുടെ ഗണ്‍മാനും പഞ്ചായത്ത് അംഗങ്ങളും നിരീക്ഷണത്തിലേക്ക് മാറിയിട്ടുണ്ട്. കോവിഡ് രോഗിയുമായി മന്ത്രിക്ക് അടുത്ത സമ്പര്‍ക്കം ഉണ്ടായിട്ടില്ല. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് നിരീക്ഷണമെന്ന് മന്ത്രിയുമായി ബന്ധപെട്ട വൃത്തങ്ങള്‍ അറിയിച്ചു.