10 ദിവസത്തിനുള്ളിൽ കെ എസ് ഇ ബിക്ക് നഷ്ടം 80 കോടി

10 ദിവസത്തിനുള്ളിൽ കെ എസ് ഇ ബിക്ക് നഷ്ടം 80 കോടി

August 19, 2020 0 By Editor

കോഴിക്കോട്; കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിലെ കാലവര്‍ഷക്കെടുതിയില്‍ കെ എസ് ഇ ബിക്ക് 80.37 കോടിയുടെ നഷ്ടം. ഇതില്‍ 19.91 കോടി രൂപയുടെ നാശ നഷ്ടങ്ങളുണ്ടായത് കണ്ണൂര്‍ സര്‍ക്കിളില്‍ മാത്രമാണ്. 10.85 കോടി രൂപ നഷ്ടമുള്ള തൊടുപുഴ സര്‍ക്കിളാണ് രണ്ടാം സ്ഥാനത്ത്.മേഖല തിരിച്ചുള്ള കണക്കെടുപ്പില്‍ പാലക്കാട് മുതല്‍ വടകര വരെ 30.86 കോടി രൂപയുടെയും കല്‍പ്പറ്റ, കണ്ണൂര്‍, കാസര്‍കോട് മേഖലയില്‍ 23.21 കോടിയുടെയും നഷ്ടം രേഖപ്പെടുത്തിയിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, തൊടുപുഴ, തൃശൂര്‍, ഇരിഞ്ഞാലക്കുട പ്രദേശങ്ങളടങ്ങിയ മേഖലയില്‍ 16.81 കോടി, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം തുടങ്ങിയ മേഖലകളിലായി 9.48 കോടി എന്നിങ്ങനെയാണ് നഷ്ടങ്ങളുടെ കണക്ക്.
തീവ്ര മഴ കഴിഞ്ഞ് ഏതാനും ദിവസങ്ങളായെങ്കിലും അറ്റകുറ്റപ്പണികള്‍ പൂര്‍ണമായും പരിഹരിക്കാന്‍ കെ എസ് ഇ ബിക്ക് ഇനിയും ദിവസങ്ങള്‍ വേണം. 2,42,278 ഗാര്‍ഹിക ഉപഭോക്താക്കള്‍ ഇപ്പോഴും ലൈനിലെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിക്കുന്നതും കാത്ത് ഇരുട്ടിലാണ്. കഴിഞ്ഞ ദിവസത്തെ തീവ്ര മഴയിലും കാറ്റിലും 2,701 ഹെടെന്‍ഷന്‍ ലൈനുകളാണ് പൊട്ടി വീണത്. 30,027 ലോ ടെന്‍ഷന്‍ ലൈനുകളും നിലം പതിച്ചിട്ടുണ്ട്. 5,864 ലോ ടെന്‍ഷന്‍ ലൈനുകളുള്ള പോസ്റ്റുകളും 1,156 ഹൈ ടെന്‍ഷനുകളുള്ള പോസ്റ്റുകളും നിലം പൊത്തി. ഈ കാലയളവിലുണ്ടായ വൈദ്യുതി തടസ്സം ഗാര്‍ഹിക ഉപഭോക്താക്കളെയും മറ്റും കൂടുതല്‍ ബാധിച്ചത് കണ്ണൂര്‍ ജില്ലയിലെ ശ്രീകണ്ഠപുരം സര്‍ക്കിളിലാണ്. 2,78,158 എണ്ണം. മഞ്ചേരിയില്‍ 2,32,288, പാലക്കാട്ട് 1,94,784, വടകരയില്‍ 1,66,595 എന്നിങ്ങനെയാണ് മറ്റ് സര്‍ക്കിളുകളിലെ എണ്ണം. പത്തനംതിട്ടയിലാണ് അറ്റകുറ്റപ്പണികള്‍ ഇനി കൂടുതലായി പൂര്‍ത്തീകരിക്കാനുള്ളത്. ഇവിടെ 84,916 പേര്‍ ഇപ്പോഴും വൈദ്യുതി തടസ്സം അനുഭവിക്കുകയാണ്. തിരുവനന്തപുരം മുതല്‍ പാല വരെയുള്ള ഈ മേഖലയില്‍ മൊത്തം 1,59,926 പേര്‍ക്കാണ് ഇനി വൈദ്യുതി പുനഃസ്ഥാപിച്ചു നല്‍കാനുള്ളത്.
സംസ്ഥാനത്തിന്റെ മധ്യമേഖലയില്‍ 52,518 പേരും വടക്ക് ഭാഗത്തെ രണ്ട് മേഖലകളിലായി 24458, 5376 പേരും വൈദ്യുതി തടസ്സം തീര്‍ന്നുകിട്ടാന്‍ കാത്തിരിക്കുന്നുണ്ട്. കൂടാതെ, 13,231 ട്രാന്‍സ്‌ഫോര്‍മറുകള്‍ കാലവര്‍ഷക്കെടുതിയില്‍ കടപുഴകിയിട്ടുണ്ട്. ഇവയില്‍ 5,376 എണ്ണത്തിന്റെ അറ്റകുറ്റപ്പണികള്‍ ഇനിയും തീര്‍ക്കാനുണ്ട്. ട്രാന്‍സ്‌ഫോര്‍മറുകള്‍ക്ക് കേടുപാട് സംഭവിച്ചതില്‍ കണ്ണൂര്‍ ജില്ലയിലെ ശ്രീകണ്ഠപുരം തന്നെയാണ് മുന്നില്‍. 1,906 എണ്ണം. ഹരിപ്പാട് 981, മഞ്ചേരി 961, പത്തനംതിട്ട 858 എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ കണക്ക്. മൊത്തം ട്രാന്‍സ്‌ഫോര്‍മറുകളില്‍ 52 എണ്ണം പൂര്‍ണമായും ഉപയോഗശൂന്യമായിട്ടുണ്ടെന്ന് കെ എസ് ഇ ബി കണ്ടെത്തി. ഇതിന് പുറമെ, വൈദ്യുതി വിതരണം സ്തംഭിച്ച സാഹചര്യത്തില്‍ ശരാശരി പ്രതിദിനം രണ്ട് കോടി രൂപയോളം കെ എസ് ഇ ബിക്ക് വൈദ്യുതി വില്‍പ്പനയില്‍ കുറവുണ്ടായിട്ടുണ്ട്.