കോവിഡ് സെന്ററില്‍ നിന്നും തടവു ചാടിയ മുക്കത്ത് വയോധികയെ പീഡിപ്പിച്ച കേസിലെ പ്രതിയുമായ  മുജീബ് റഹ്മാനെ പൊലീസ് പിടികൂടി

കോവിഡ് സെന്ററില്‍ നിന്നും തടവു ചാടിയ മുക്കത്ത് വയോധികയെ പീഡിപ്പിച്ച കേസിലെ പ്രതിയുമായ മുജീബ് റഹ്മാനെ പൊലീസ് പിടികൂടി

September 26, 2020 0 By Editor

കോഴിക്കോട്: മുക്കത്ത് ഓട്ടോയാത്രക്കാരിയായ വയോധികയെ പീഡിപ്പിക്കുകയും ആഭരണവും പണവും കവരുകയും ചെയ്ത കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കേ ചാടിപ്പോയ ഒന്നാം പ്രതി പിടിയിലായി. കൊവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലിരിക്കേ കഴിഞ്ഞയാഴ്ച രക്ഷപ്പെട്ട കൊണ്ടോട്ടി സ്വദേശി മുജീബ് റഹ്മാനെയാണ് കണ്ണൂരിലെ കതിരൂരില്‍ നിന്നും അറസ്റ്റ് ചെയ്തത്. ഇയാളുടെ ഭാര്യവീടിന്റെ സമീപത്തുള്ള കാട്ടില്‍ ഒളിച്ച്‌ കഴിയവേ ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് പിടിയിലായത്. നടക്കാവ് ഇന്‍സ്‌പെക്ടര്‍ ബിശ്വാസ്, എസ്.ഐ കൈലാസ് നാഥ് എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

മറ്റൊരു കേസുമായി ബന്ധപ്പെട്ട് മഞ്ചേരിയിലെ കോടതിയില്‍ ഹാജരാക്കിയ ശേഷം ഇയാളെ ജയില്‍ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ കോഴിക്കോട് വെസ്റ്റ്ഹില്ലിലെകൊവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 20ന് രാത്രിയാണ് ഇവിടെ നിന്നും രക്ഷപ്പെട്ടത്. തടവുചാടിയ ശേഷം ഒരു ബുള്ളറ്റ് ബൈക്ക് മോഷ്ടിച്ചാണ് ഇയാള്‍ കടന്നുകളഞ്ഞത്. ബുള്ളറ്റ് മട്ടന്നൂരില്‍ ഉപേക്ഷിച്ചതായി പൊലിസിന് വിവരം ലഭിച്ചു. ഇതിനിടെ കേസില്‍ ഒളിവിലായിരുന്ന രണ്ടാംപ്രതി ജമാലുദ്ദീനും കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. വേങ്ങര ചേറൂര്‍ സ്വദേശിയായ ജമാലുദ്ദീന്‍ (26) ബംഗളൂരുവിനു സമീപം ജിഗണിയില്‍നിന്നാണ് പൊലിസിന്റെ പിടിയിലായത്. റൂറല്‍ എസ്.പി. ഡോ. ശ്രീനിവാസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ താമരശ്ശേരി ഡിവൈ.എസ്.പി. ടി അഷ്‌റഫ്, മുക്കം ഇന്‍സ്‌പെക്ടര്‍ ബി.കെ സിജു എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. മുക്കം പൊലിസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.