ആനിയമ്മയ്യുടെ നീളം കൂടിയ വെണ്ടയ്ക്കായ്ക്ക് പുരസ്കാരത്തിളക്കം
പാലാ: അടുക്കളത്തോട്ടത്തിലുണ്ടായ നീളം കൂടിയ വെണ്ടയ്ക്കായ്ക്ക് പുരസ്കാരത്തിളക്കം. മരങ്ങാട് അറയ്ക്കപ്പറമ്പിൽ അഗസ്റ്റിന്റെ ഭാര്യ ആനിയമ്മ(79) വിളയിച്ച വെണ്ടയ്ക്ക ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിന്റെ പുരസ്കാരമാണ് നേടിയത്. അടുക്കളത്തോട്ടങ്ങളിലെ ഏറ്റവും നീളം കൂടിയ വെണ്ടയ്ക്കയാണിത്.19.5 ഇഞ്ച് നീളമുള്ള കാളക്കൊമ്പൻ ഇനത്തിലുള്ള വെണ്ടയ്ക്കയാണ് ആനിയമ്മ കൃഷിചെയ്തത്.നീളം കൂടിയ വെണ്ടയ്ക്കയെ സംബന്ധിച്ച് പത്രവാർത്ത ശ്രദ്ധിച്ചപ്പോഴാണ്, തന്റെ കൃഷിയിടത്തിലേതിന് അതിലും നീളമുണ്ടെന്ന് കണ്ടെത്തുന്നത്. ആനിയമ്മയുടെ മകൻ ജയ്സൺ, ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡ്സിന്റെ സൈറ്റിൽ ഇക്കാര്യം അറിയിച്ചു. രാമപുരം കൃഷിവകുപ്പിലെ ഉദ്യോഗസ്ഥർ ഇത് അളന്ന് സ്ഥിരീകരിച്ചുനൽകിയതോടെയാണ് ഈ വെണ്ടയ്ക്കക്ക് പുരസ്കാരം ലഭിച്ചത്.മധ്യപ്രദേശിലെ ആദിവാസികൾക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച സാമൂഹികപ്രവർത്തക ദയാബായി, ആനിയമ്മയുടെ സഹോദരിയാണ്.