കാട്ടാനയുടെ ആക്രമണത്തില്‍ യുവതി കൊല്ലപ്പെട്ട സംഭവം; പഞ്ചായത്തിലെ മുഴുവന്‍ റിസോർട്ടുകളും പൂട്ടാന്‍ തീരുമാനം

കാട്ടാനയുടെ ആക്രമണത്തില്‍ യുവതി കൊല്ലപ്പെട്ട സംഭവം; പഞ്ചായത്തിലെ മുഴുവന്‍ റിസോർട്ടുകളും പൂട്ടാന്‍ തീരുമാനം

January 25, 2021 0 By Editor

വയനാട്; മേപ്പാടിയില്‍ റിസോര്‍ട്ടിൽ വെച്ച്‌ കണ്ണൂര്‍ സ്വദേശിനി കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെ പഞ്ചായത്തിലെ മുഴുവന്‍ റിസോര്‍ട്ടുകളും അടച്ച്‌ പൂട്ടാന്‍ പഞ്ചായത്ത് ഭരണസമിതിയുടെ അടിയന്തര യോഗത്തില്‍ തീരുമാനം. മേപ്പാടി, 900 കണ്ടി മേഖലകളിലെ പല റിസോര്‍ട്ടുകളും അനുമതിയില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് പഞ്ചായത്തിലെ മുഴുവന്‍ റിസോര്‍ട്ടുകളും അടച്ചിടാന്‍ പഞ്ചായത്ത് തീരുമാനമെടുത്തത്.
ജില്ലയിലെ റിസോര്‍ട്ടുകളും ഹോം സ്റ്റേകളും സംബന്ധിച്ച്‌ വ്യാപക ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മുഴുവന്‍ റിസോര്‍ട്ടുകളിലും പരിശോധന നടത്താന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചിരുന്നു. സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കാത്ത സ്ഥാപനങ്ങള്‍ മുഴുവന്‍ അടപ്പിക്കാനാണ് നിലവിലത്തെ തീരുമാനം. ലൈസന്‍സടക്കമുള്ള രേഖകള്‍ പരിശോധിച്ചതിന് ശേഷം മാത്രമേ റിസോര്‍ട്ടുകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കൂ. ജില്ലയിലെ മറ്റ് റിസോര്‍ട്ടുകളിലും ജില്ലാ ഭരണകൂടത്തിന്റെ പരിശോധന നടക്കുന്നുണ്ട്.
15 ദിവസത്തിനുളളില്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കി റിസോര്‍ടുകള്‍ തുറക്കാന്‍ അനുമതി നല്‍കും. കഴിഞ്ഞ ദിവസമാണ് മേപ്പാടി എളമ്പിലേരിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ ടെന്റില്‍ താമസിക്കുമ്പോൾ കണ്ണൂര്‍ സ്വദേശിനി ഷഹാനയെ കാട്ടാന ആക്രമിച്ചത്. ഉടനെ വിംസ് മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.