പാലക്കാട്ട് ആറുവയസ്സുകാരനെ ഉമ്മ കഴുത്തറുത്ത് കൊന്നു; കാരണം ദൈവവിളി

February 7, 2021 0 By Editor

പാലക്കാട്: പൂളക്കാട് ആറുവയസ്സുകാരനെ ഉമ്മ കഴുത്തറുത്ത് കൊന്നു. ഞായറാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം. ഷാഹിദ എന്ന യുവതിയാണ് തന്റെ മൂന്നാമത്തെ മകന്‍ ആമിലിനെ കൊലപ്പെടുത്തിയത്. കുളിമുറിയില്‍വെച്ച് കത്തികൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ഷാഹിദ പോലീസിന് നല്‍കിയ വിവരം. മൂന്നുമാസം ഗര്‍ഭിണിയാണ് ഷാഹിദ. തൊട്ടടുത്ത വീട്ടില്‍നിന്ന് നമ്പര്‍ വാങ്ങി ഷാഹിദ തന്നെയാണ് കൊലപാതകത്തിനു ശേഷം ജനമൈത്രി പോലീസിനെ വിവരം അറിയിച്ചത്. ഇതിനു ശേഷമാണ് തൊട്ടടുത്ത മുറിയില്‍ കിടന്നിരുന്ന ഷാഹിദയുടെ ഭര്‍ത്താവു പോലും വിവരം അറിയുന്നത്. ദൈവവിളി ഉണ്ടായെന്നും മകനെ ബലികൊടുക്കുന്നു എന്നുമാണ് ഷാഹിദ പോലീസിനെ അറിയിച്ചതെന്നാണ് വിവരം. ഷാഹിദയെ പോലീസ് കസ്റ്റഡിയിലെടുത്തു.

മൂന്നുമക്കളാണ് ഷാഹിദ-സുലൈമാന്‍ ദമ്പതികള്‍ക്കുള്ളത്. ഇതില്‍ മൂന്നാമത്തെയാളാണ് ആമില്‍.ഷാഹിദയ്ക്ക് പുറത്തറിയുന്ന വിധത്തില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുള്ളതായി അറിയില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു.ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. പാലക്കാട് എസ്.പി. ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.