ബ്ലേഡ് ഉപയോഗിച്ച്‌ സിസേറിയന്‍; അമ്മയ്ക്കും നവജാതശിശുവിനും ദാരുണാന്ത്യം

ലക്നൗ: അശാസ്ത്രീയമായ രീതിയില്‍ സിസേറിയന്‍ ശസ്ത്രക്രിയക്ക് വിധേയയായ യുവതി രക്തം വാര്‍ന്ന് മരിച്ചു. നവജാതശിശുവിനെയും രക്ഷിക്കാനായില്ല. യുപി സുല്‍ത്താന്‍പുരിലെ സൈനി സ്വദേശി പൂനം എന്ന 33 കാരിയും അവരുടെ നവജാതശിശുവുമാണ് മരിച്ചത്.

സംഭവത്തില്‍ മാ ശാരദ എന്ന പേരുള്ള ആശുപത്രി ഉടമ രാജേഷ് സാഹ്നി , രാജേന്ദ്ര ശുക്ല എന്നിവര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വളരെ പരിമിതവും അത്യന്തം മോശവുമായ സാഹചര്യത്തിലാണ് ഈ ആശുപത്രി പ്രവര്‍ത്തിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ട്. എട്ടാം ക്ലാസില്‍ പഠനം ഉപേക്ഷിച്ച രാജേന്ദ്ര ശുക്ലയാണ് ഇവിടെ ശസ്ത്രക്രിയകള്‍ കൈകാര്യം ചെയ്തിരുന്നത്. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് പൂനത്തിന് പ്രസവ വേദന അനുഭവപ്പെട്ടത്. ഭര്‍ത്താവ് രാജാറാം ഇവരെ ആദ്യം ഗ്രാമത്തിലെ ഒരു വയറ്റാട്ടിയുടെ അരികിലാണെത്തിച്ചതെങ്കിലും പിന്നീട് ഇവരുടെ നിര്‍ദേശ പ്രകാരം ഡീഹിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. ഇവിടെ നടത്തിയ പരിശോധനയില്‍ യുവതിയുടെ നില അല്‍പം മോശമാണെന്ന് കണ്ടതോടെ കൂടുതല്‍ സൗകര്യങ്ങളുള്ള മറ്റൊരു ആശുപത്രിയിലേക്കെത്തിക്കാന്‍ ജീവനക്കാര്‍ നിര്‍ദേശിക്കുകയായിരുന്നു എന്നാണ് ബാല്‍ദിറാം എസ്‌എച്ച്‌ഒ അമരേന്ദ്ര സിംഗ് അറിയിച്ചത്. ഇതിനെ തുടര്‍ന്നാണ് മാ ശാരദ ആശുപത്രിയിലെത്തിച്ചത്. -

ഇവിടെ വച്ച്‌ രാജേന്ദ്ര ശുക്ല യുവതിയെ സിസേറിയന് വിധേയയാക്കി. ഷേവിംഗ് റേസര്‍ ഉപയോഗിച്ചായിരുന്നു ശസ്ത്രക്രിയ എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് പിന്നാലെ യുവതിക്ക് അമിതമായി രക്തസ്രാവമുണ്ടായി. അടുത്തെങ്ങും മറ്റ് ആശുപത്രികളില്ലാത്തതിനാല്‍ 140 കിലോമീറ്റര്‍ അകലെയുള്ള കെജിഎംയു ട്രോമ സെന്‍ററിലാണ് തുടര്‍ന്ന് യുവതിയെ എത്തിച്ചത്. അപ്പോഴേക്കും സിസേറിയന്‍ മുറിവിലുണ്ടായ അമിത രക്തസ്രാവത്തില്‍ യുവതി മരണത്തിന് കീഴടങ്ങിയിരുന്നു. ദാരുണസംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന അനധികൃത ക്ലിനിക്കുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊലീസ് സുല്‍ത്താന്‍പുര്‍ സിഎംഒയ്ക്ക് കത്ത് നല്‍കിയിട്ടുണ്ട്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story