മെയ് 2ന് ലോക്ഡൗൺ ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ വീണ്ടും പൊതുതാത്പര്യ ഹർജി
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്ന മെയ് രണ്ടിന് ലോക്ക്ഡൗണ്‍ വേണമെന്നാവശ്യപ്പെട്ട് വീണ്ടും പൊതുതാത്പര്യ ഹർജി. ഫലം വരുമ്പോള്‍ ആൾക്കൂട്ടം ഒഴിവാക്കണമെന്നാണ് ആവശ്യം. ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ വോട്ടെണ്ണല്‍ ദിനമായ മെയ് രണ്ടിന് ലോക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ തന്നെ ഹൈക്കോടതിയുടെ പരിഗണനയില്‍ ഒരു ഹര്‍ജി വന്നിരുന്നു. ഈ ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കാനായി മാറ്റിയിരിക്കുകയാണ്. അതിനിടെയാണ് ഇതെ ആവശ്യം ഉന്നയിച്ച് മറ്റൊരു ഹര്‍ജി കൂടി എത്തുന്നത്.
കോവിഡ് നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തിയാണ് സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടന്നതെന്നും ഇതിനെ തുടര്‍ന്നാണ് കോവിഡ് കേസുകള്‍ വര്‍ധിച്ചതെന്നും വോട്ടെണ്ണല്‍ ദിനത്തില്‍ നിയന്ത്രണങ്ങളുണ്ടായില്ലെങ്കില്‍ കോവിഡ് വ്യാപനം രൂക്ഷമാകുമെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. കൊല്ലത്തെ അഭിഭാഷകനായ അഡ്വ വിമൽ മാത്യു തോമസ് ആണ് ഈ ആവശ്യം ഉന്നയിച്ച് ആദ്യം ഹൈക്കോടതിയെ സമീപിച്ചിരുന്നത്. ഹർജി കോടതി ഫയലിൽ സ്വീകരിക്കുകയും സംസ്ഥാന സർക്കാരിനോട് പ്രതികരണം തേടുകയും ചെയ്തു. മാത്രമല്ല, തെരഞ്ഞെടുപ്പ് കമ്മീഷനെ കേസിൽ കക്ഷി ചേർക്കാനും കോടതി ഉത്തരവിട്ടിരുന്നു.