കൊവിഷീൽഡിനു പിന്നാലെ കൊവാക്സിനും വിലകുറച്ചു
കൊവിഷീൽഡിനു പിന്നാലെ കൊവാക്സിനും വിലകുറച്ചു. പ്രമുഖ മരുന്ന് നിര്‍മ്മാണ കമ്പനിയായ ഭാരത് ബയോടെക്ക്, ഐസിഎംആറുമായി സഹകരിച്ചാണ് കൊവാക്‌സിന്‍ വികസിപ്പിച്ചത്. വാക്സിൻ സംസ്ഥാന സർക്കാരുകൾക്ക് നൽകുന്ന വിലയിലാണ് കുറവു വരുത്തിയത്. നേരത്തെ 600 രൂപയ്ക്കാണ് കൊവാക്സിൻ ഡോസ് സംസ്ഥാനങ്ങൾക്ക് നൽകാൻ തീരുമാനിച്ചിരുന്നത്. ഇത് 200 രൂപ കുറച്ച് 400 രൂപ ആക്കുകയായിരുന്നു.
രാജ്യത്തെ സ്വകാര്യ ആശുപത്രികളിൽ വാക്സിൻ നൽകാൻ സെറം ഇൻസ്റ്റിറ്റ്യൂട്ട് നിശ്ചയിച്ചത് ലോകത്തിലെ ഏറ്റവും ഉയർന്ന വിലയ്ക്കാണെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. യുഎസ്, യുകെ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ഈടാക്കുന്നതിനേക്കാൾ കൂടിയ വിലയ്ക്കാണ് ഇന്ത്യയിലെ സ്വകാര്യ, ആശുപത്രികൾക്കും സർക്കാരുകൾക്കും നൽകുക. എന്നാൽ വിപണിയിൽ ലഭ്യമായതിൽ വച്ച് ഏറ്റവും താങ്ങാവുന്ന കൊവിഡ് വാക്സിൻ കൊവിഷീൽഡാണെന്നാണ് സെറം ഇൻസിറ്റ്യൂട്ട് നൽകിയ വിശദീകരണം.