കെ.സുരേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷ പദവിയില്‍ നിന്നും മാറ്റിയേക്കുമെന്ന് സൂചന ; എം ടി രമേശ് അദ്ധ്യക്ഷനായേക്കും !
തിരുവനന്തപുരം: കെ.സുരേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷ പദവിയില്‍ നിന്നും മാറ്റിയേക്കുമെന്ന് സൂചന. വിവാദ വിഷയങ്ങളില്‍ കേന്ദ്രനേതൃത്വത്തിന്റെ പിന്തുണ ഉറപ്പാക്കാന്‍ കെ.സുരേന്ദ്രന് കഴിയാതെ വന്നതോടെയാണ് അധ്യക്ഷ സ്ഥാനത്ത് നിന്ന് സുരേന്ദ്രനെ മാറ്റാന്‍ നീക്കങ്ങള്‍ നടക്കുന്നത്. പുതിയ അധ്യക്ഷ സ്ഥാനത്തേക്ക് എംടി രമേശിനെ പരിഗണിക്കാനാണ് ദേശീയ നേതൃത്വം ആലോചിക്കുന്നത്. കഴിഞ്ഞ ദിവസം കെ സുരേന്ദ്രന്‍ ഡല്‍ഹിയില്‍ എത്തിയിരുന്നു. അദ്ധ്യക്ഷസ്ഥാനത്ത് സുരേന്ദ്രന്‍ തത്ക്കാലം തുടരട്ടെ എന്ന നിലപാടായിരുന്നു നേരത്തെ കേന്ദ്ര നേതൃത്വത്തിന് ഉണ്ടായിരുന്നത്. എന്നാല്‍ അദ്ദേഹത്തിനെതിരെ പാര്‍ട്ടിയിലെ വിമതപക്ഷം രംഗത്ത് എത്തിയതോടെ നേതൃമാറ്റം ഉണ്ടാകുമെന്നുതന്നെയാണ് സൂചന.
സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ അസാന്നിധ്യത്തില്‍ ബിജെപിയുടെ സംസ്ഥാന നേതൃയോഗം ചേര്‍ന്നു.കേന്ദ്ര നിര്‍ദേശപ്രകാരം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. പാര്‍ട്ടിക്കെതിരായ സി.പി.എം നീക്കത്തിനും മുട്ടില്‍ മരംമുറിക്കേസിലെ നടപടികള്‍ക്കും വേണ്ടി ശക്തമായ പ്രക്ഷോഭങ്ങള്‍ തീരുമാനിച്ചാണ് സംസ്ഥാന നേതൃയോഗം പിരിഞ്ഞത്. ലോക്ഡൗണ്‍ തീര്‍ന്നാലുടന്‍ ബിജെപി സംസ്ഥാന ഭാരവാഹിയോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്.