ഇനി സിനിമയുടെ വ്യാജ പതിപ്പ് നിർമ്മിച്ചാൽ ജയിൽ ശിക്ഷയും പിഴയും, കരട് ബിൽ കേന്ദ്രം പുറത്തിറക്കി

ഇനി സിനിമയുടെ വ്യാജ പതിപ്പ് നിർമ്മിച്ചാൽ ജയിൽ ശിക്ഷയും പിഴയും, കരട് ബിൽ കേന്ദ്രം പുറത്തിറക്കി

June 19, 2021 0 By Editor

ന്യൂഡൽഹി: സിനിമയിലെ വ്യാജന്മാർക്കെതിരെ നടപടി കടുപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. വ്യാജ പതിപ്പ് ഉണ്ടാക്കിയാൽ ജയിൽ ശിക്ഷയ്ക്ക് ശുപാർശ. ഇതിനായുള്ള കരട് ബിൽ കേന്ദ്രസർക്കാർ പുറത്തിറക്കി. സിനിമാറ്റൊഗ്രാഫ് ഭേദഗതി 2021 പ്രകാരം സിനിമയുടെ വ്യാജ പതിപ്പ് നിർമ്മിച്ചാൽ മൂന്ന് മാസം തടവും മൂന്ന് ലക്ഷം രൂപ പിഴയും ഈടാക്കുന്നതാണ് പുതിയ വ്യവസ്ഥ.

സിനിമകളുടെ വ്യാജ പതിപ്പ് ഇന്റർനെറ്റിൽ അടക്കം റിലീസ് ചെയ്യുന്നത് ചലചിത്ര വ്യവസാത്തിന് വലിയ നഷ്ടമുണ്ടാക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. പുതിയ നിർദ്ദേശം സ്റ്റാൻഡിംഗ് കമ്മറ്റി പരിശോധിക്കുകയും നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്. പ്രായത്തെ അടിസ്ഥാനമാക്കിയുള്ള സർട്ടിഫിക്കേഷൻ ഏർപ്പെടുത്താനുള്ള വ്യവസ്ഥകളും കരട് ബില്ലിൽ ഉൾപ്പെടുന്നു. സെൻസർ ബോർഡുകളാണ് നിലവിൽ സിനിമയുടെ പ്രദർശനത്തിന് അനുമതി നൽകുന്നത്. പുതിയ സിനിമാറ്റൊഗ്രാഫ് ഭേദഗതി 2021 പ്രകാരം കേന്ദ്രസർക്കാരിനും സെൻസർ ബോർഡിന്റെ തീരുമാനത്തിൽ ഇടപെടാനാകും. ബില്ലിലെ വ്യവസ്ഥ പ്രകാരം വ്യാജപതിപ്പ് ഇറങ്ങിയെന്ന പരാതി ലഭിച്ചാൽ കേന്ദ്രസർക്കാരിന് സെൻസർബോർഡ് അനുമതി നൽകിയ സിനിമകൾ പുനഃപരിശോധിക്കാനുമാകും.

കരട് ബില്ലിൽ കേന്ദ്രം പൊതുജനാഭിപ്രായം തേടിയിട്ടുണ്ട്. ജൂലൈ രണ്ടിനുള്ളിൽ അഭിപ്രായം വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തെ അറിയിക്കാനാണ് കേന്ദ്രസർക്കാരിന്റെ നിർദ്ദേശം. പതിറ്റാണ്ടുകൾ പഴക്കമുള്ള നിയമമാണ് സിനിമാറ്റോഗ്രാഫ് ആക്ട്. ഇതിലാണ് കേന്ദ്രസർക്കാർ ഭേദഗതിവരുത്താനൊരുങ്ങുന്നത്.