കോഴിക്കോട്ടെ കെ എസ് ആര്‍ ടി സി കോംപ്ലക്സിന് അഞ്ചു വര്‍ഷത്തിനു ശേഷം ശാപമോക്ഷം ; വാണിജ്യത്തിനു കൈമാറി
ബസ്സ്റ്റാന്റ് കെട്ടിടം വാണിജ്യ സമുച്ചയങ്ങളാക്കി വരുമാനം വര്‍ധിപ്പിക്കാനുള്ള കെ എസ് ആര്‍ ടി സിയുടെ കോഴിക്കോട്ടെ സ്വപ്ന പദ്ധതിക്കു വീണ്ടും ജീവന്‍ വയ്ക്കുന്നു.ദീര്‍ഘനാളത്തെ കാത്തിരിപ്പിന് ശേഷം കോഴിക്കോട്ടെ…
ബസ്സ്റ്റാന്റ് കെട്ടിടം വാണിജ്യ സമുച്ചയങ്ങളാക്കി വരുമാനം വര്‍ധിപ്പിക്കാനുള്ള കെ എസ് ആര്‍ ടി സിയുടെ കോഴിക്കോട്ടെ സ്വപ്ന പദ്ധതിക്കു വീണ്ടും ജീവന്‍ വയ്ക്കുന്നു.ദീര്‍ഘനാളത്തെ കാത്തിരിപ്പിന് ശേഷം കോഴിക്കോട്ടെ…
ബസ്സ്റ്റാന്റ് കെട്ടിടം വാണിജ്യ സമുച്ചയങ്ങളാക്കി വരുമാനം വര്‍ധിപ്പിക്കാനുള്ള കെ എസ് ആര്‍ ടി സിയുടെ കോഴിക്കോട്ടെ സ്വപ്ന പദ്ധതിക്കു വീണ്ടും ജീവന്‍ വയ്ക്കുന്നു.ദീര്‍ഘനാളത്തെ കാത്തിരിപ്പിന് ശേഷം കോഴിക്കോട്ടെ കെ എസ് ആര്‍ ടി സി കോംപ്ലക്സ് വാണിജ്യത്തിനായി ആലിഫ് ബില്‍ഡേഴ്സ് എന്ന സ്ഥാപനം ഏറ്റെടുത്തു. മുപ്പത് വര്‍ഷത്തേക്കാണ് ഏറ്റെടുത്തത്. ഇത് സംബന്ധിച്ച് ഗതാഗത മന്ത്രി ആന്റണി രാജുവും മരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസും ചേര്‍ന്നു നടത്തിയ ശ്രമങ്ങളാണ് ഫലം കാണുന്നത്. യാത്രക്കാര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യവും ഇവിടെ ഒരുക്കുമെന്ന് ആലിഫ് ബില്‍ഡേഴ്സ് അറിയിച്ചാതായി മന്ത്രി റിയാസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ഓഗസ്ത് 26 ന് ധാരണാപത്രം ഒപ്പുവെക്കുകയും കെ എസ് ആര്‍ ടി സി കോംപ്ലക്സ് അന്നു തന്നെ തുറന്ന് പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്യുമെന്നും മന്ത്രി അറിയിച്ചു.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം മന്ത്രി റിയാസ് പ്രശ്നം ഗതാഗത വകുപ്പു മന്ത്രി ആന്റണി രാജുവുമായി സംസാരിച്ചു. തോട്ടത്തില്‍ രവീന്ദ്രന്‍ എം എല്‍ എയും ഗതാഗത മന്ത്രിയുമായി ബന്ധപ്പെട്ടു. പ്രശ്നം പരിഹരിക്കാനുള്ള ഇടപെടല്‍ നടത്തുമെന്ന് മന്ത്രി നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണു നടപടിയുണ്ടായത്.
നഷ്ടത്തിലേക്കു മൂക്കു കുത്തിക്കൊണ്ടിരിക്കുന്ന കെ എസ് ആര്‍ ടി സി യെ കരകയറ്റാനുള്ള പരിപാടികളുടെ ഭാഗമായിരുന്നു നഗരമധ്യത്തില്‍ കെ എസ് ആര്‍ ടി സിക്കു സ്വന്തമായുള്ള കോടികള്‍ വിലമതിക്കുന്ന ഭൂമി ഉപയോഗിച്ച് വൈവിധ്യ വല്‍ക്കരണത്തിനുള്ള ശ്രമം ആരംഭിച്ചത്.
2015 ജൂണ്‍ ഒന്നിനാണ് ഇരട്ടടെര്‍മിനലുകളുടെ ഉദ്ഘാടനം കഴിഞ്ഞത്. കെ എസ് ആര്‍ ടി സി യുടെ ഓഫീസ് കഴിച്ച് ബാക്കിയുള്ള ഭാഗം വാടകയ്ക്ക് നല്‍കി വരുമാനമുണ്ടാക്കാനായിരുന്നു പദ്ധതി. 2007 ലാണ് കോഴിക്കോട് കോംപ്ലക്സ് പണിയാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നത്.
കോടികള്‍ മുടക്കി 14 നിലകളുള്ള രണ്ട് ബഹുനില മന്ദിരങ്ങളാണ് മാവൂര്‍ റോഡില്‍ കെ എസ് ആര്‍ ടി സി പണിതത്. ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ടെന്നല്ലാതെ യാത്രികര്‍ക്ക് ഒരു ചായകുടിക്കാനുള്ള സൗകര്യംപോലും ഇല്ലാതെയാണ് ഈ കെട്ടിടം നിലനിന്നത്. 74 കോടി രൂപമുടക്കിയാണ് കെട്ടിടം പണിതത്. അതിന്റെ പലിശയടക്കം കെ ടി ഡി എഫ് സിക്കു കോടികളുടെ ബാധ്യതവന്നു എന്നല്ലാതെ വാണിജ്യ സമുച്ചയത്തില്‍ നിന്നു വരുമാനമുണ്ടാക്കാനുള്ള ഒരു നടപടിയും ഫലപ്രദമായില്ല.
കോര്‍പ്പറേഷന്റെ നമ്ബര്‍ കിട്ടാത്തതിനാല്‍ ഏറെക്കാലം കെട്ടിടം അനധികൃതമായി നിന്നു. മുക്കം മാക് അസോസിയേഷന് ബസ് ടെര്‍മിനലുള്‍പ്പെടുന്ന വ്യാപാരസമുച്ചയം വാടകയ്ക്ക് നല്‍കാന്‍ തീരുമാനിച്ചിരുന്നു. 50 കോടി രൂപ സ്ഥിരം നിക്ഷേപവും പ്രതിമാസം അഞ്ചുലക്ഷം രൂപ വാടകയും എന്ന വ്യവസ്ഥയിലായിരുന്നു അന്ന് കരാര്‍ നല്‍കിയിരുന്നത്. ഇതിനെതിരേ ലേലത്തില്‍ പങ്കെടുത്ത മറ്റൊരാള്‍ ഹൈക്കോടതിയെ സമീപിച്ചതോടെ എല്ലാം നിയമക്കുരുക്കിലായി. കെട്ടിടം പൂര്‍ത്തിയായ ഉടന്‍ ഉദ്ഘാടനം നടത്താന്‍ കാണിച്ച ആവേശം അഗ്നിശമന സേനയുടെ എന്‍ ഒ സി.യും കോര്‍പ്പറേഷന്റെ അനുമതിയും ലഭ്യമാക്കാന്‍ ഉണ്ടായില്ല.
ഇവിടെ വന്നിറങ്ങുന്ന യാത്രികര്‍ക്കും ബസ് ജീവനക്കാര്‍ക്കുമെല്ലാം വെള്ളം കുടിക്കണമെങ്കില്‍പോലും റോഡുമുറിച്ചുകടന്ന് അപ്പുറത്ത് പോവണം. 120 ബസുകള്‍ക്ക് സൗകര്യമൊരുക്കേണ്ട കെട്ടിടത്തില്‍ നാല്‍പത് ബസുകള്‍ നിര്‍ത്തിയിടാനുള്ള സൗകര്യമേയുള്ളൂ. നിര്‍ത്തിയിടാനായി ഭൂരിഭാഗം ബസ്സുകളും ദിവസവും 16 കിലോമീറ്റര്‍ പാവങ്ങാട്ടേക്ക് വെറുതെ സര്‍വീസ് നടത്തേണ്ടിവരികയാണ്. പ്രതിമാസം വന്‍തുകയാണ് ഇതുവഴി കെ.എസ്.ആര്‍.ടി.സി.ക്ക് നഷ്ടമുണ്ടാകുന്നത്.
കോടികള്‍ മുടക്കി പണിത ഈ കെട്ടിടം നഷ്ടത്തിന്റെ സ്മാരകമായി തുടരുകയായിരുന്നു. ഈ അവസ്ഥക്ക് ഇതോടെ മോചനമാവുമെന്നാണ് പ്രതീക്ഷ.