പിറന്നാൾ ആഘോഷത്തിനിടയിൽ മുഖത്ത് കേക്ക് പുരട്ടിയ രണ്ട് പേരെ വെടിവെച്ചു കൊന്നു

August 19, 2021 0 By Editor

അമൃത്സർ: പിറന്നാൾ ആഘോഷത്തിനിടയിൽ കേക്ക് മുഖത്ത് തേച്ചതിനെ തുടർന്നുണ്ടായ വഴക്കിൽ രണ്ട് പേർ വെടിയേറ്റ് മരിച്ചു. ബുധനാഴ്ച്ച വൈകുന്നേരം അമൃത്സറിലെ ഒരു ഹോട്ടലിന് പുറത്താണ് സംഭവം. വെടിയേറ്റ രണ്ട് പേരും സംഭവസ്ഥലത്തു വെച്ചു തന്നെ കൊല്ലപ്പെട്ടു.

വെടിവെച്ചയാളെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. മണി ധില്ലോൺ എന്നയാളാണ് വെടിയുതിർത്തത് എന്നാണ് വിവരം. മണി പൂജാര, വിക്രം എന്നിവരാണ് കൊലപ്പെട്ടത്. സംഭവത്തിന് പിന്നാലെ മണി ധില്ലോൺ ഓടി രക്ഷപ്പെട്ടതായി പൊലീസ് പറയുന്നു. ഇയാൾക്കായുള്ള തിരച്ചിൽ തുടരുകയാണ്. സുഹൃത്തായ തനുർപ്രീതിന്റെ പിറന്നാൾ ആഘോഷത്തിനായാണ് മറ്റുള്ളവർ ഒത്തുകൂടിയത്. ഇയാളെ ഹോട്ടലിന് അകത്തു നിന്ന് പിടികൂടിയിട്ടുണ്ട്.

ഹോട്ടലിൽ സംഘടിപ്പിച്ച പിറന്നാൾ ആഘോഷത്തിൽ 25 പേരെയാണ് തനുപ്രീത് ക്ഷണിച്ചിരുന്നത്. ആഘോഷത്തിനിടയിൽ കേക്ക് മുഖത്ത് പുരട്ടിയതിന്റെ പേരിൽ വഴക്ക് നടന്നിരുന്നതായി ദൃക്സാക്ഷിയെ ഉദ്ധരിച്ച് പൊലീസ് പറയുന്നു. പാർട്ടി കഴിഞ്ഞതിന് ശേഷം മണി ധില്ലോങ് ഹോട്ടലിന് പുറത്തു വെച്ച് മണി പൂജാരയ്ക്കും വിക്രമിനും നേരെ വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ് വീണ രണ്ട് പേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇതിനിടയിൽ മണി ധില്ലോങ് സംഭവ സ്ഥലത്തു നിന്ന് ഓടി രക്ഷപ്പെടുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ അഞ്ച് പേരെ പിടികൂടിയിട്ടുണ്ടെന്നും ധില്ലോങ്ങിനായുള്ള തിരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.