രണ്ട്‌ വയസുള്ള മകനെ കൊന്ന ശേഷം ഗര്‍ഭിണി വീടിന്‌ മുകളില്‍ നിന്ന്‌ താഴേക്ക്‌ ചാടി മരിച്ചു

രണ്ട്‌ വയസുള്ള മകനെ കൊന്ന ശേഷം ഗര്‍ഭിണി വീടിന്‌ മുകളില്‍ നിന്ന്‌ താഴേക്ക്‌ ചാടി മരിച്ചു

August 21, 2021 0 By Editor

 ആറാം നിലയില്‍ നിന്ന്‌ ചാടി ഗര്‍ഭിണി ആത്മഹത്യ ചെയ്‌തു. രണ്ട്‌ വയസുള്ള മകനെ കൊന്ന ശേഷമായിരുന്നു ആത്മഹത്യ. സൂറത്ത്‌ ജില്ലയിലെ കഡോദരയിലാണ്‌ സംഭവം. ഭര്‍ത്താവും മകനുമൊത്ത്‌ ഇവര്‍ കഴിഞ്ഞിരുന്ന വാടകമുറിയില്‍ നിന്ന്‌ കുഞ്ഞിനെ ശ്വാസം മുട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ബിനിത പാണ്ഡെ എന്ന 32കാരിയാണ്‌ മരിച്ചത്‌. മൂന്ന്‌ വയസുള്ള ഇവരുടെ മറ്റൊരു മകന്‍ സുരക്ഷിതനായി വീട്ടില്‍ തന്നെ ഉണ്ടായിരുന്നു.

അതേസമയം മകനെ ഇവര്‍ തന്നെയാണോ കൊന്നതെന്ന്‌ വ്യക്തമല്ല. ബന്ധുക്കളെ വിളിച്ച്‌ മകനെ കൊന്നെന്നും താനും ജീവിതം അവസാനിപ്പിക്കാന്‍ പോകുകയാണെന്നും പറഞ്ഞെന്നും റിപ്പോര്‍ട്ടുണ്ട്‌. ഇവരുടെ ശവസംസ്‌കാരത്തിന്‌ ശേഷമേ കൂടുതല്‍ ചോദ്യം ചെയ്യല്‍ സാധ്യമാകൂ എന്ന്‌ പൊലീസ്‌ പറഞ്ഞു.

സംഭവ സമയത്ത്‌ ഇവരുടെ ഭര്‍ത്താവ്‌ മഹേഷ്‌ ജോലിക്ക്‌ വേണ്ടി പോയിരിക്കുകയായിരുന്നു. ഉത്തര്‍പ്രദേശുകാരാണ്‌ ഇവര്‍. യുവതിയുടെ മാതാപിതാക്കള്‍ മുംബൈയില്‍ ഉണ്ടായിരുന്നു. പെട്ടെന്ന്‌ തന്നെ അവര്‍ സംഭവസ്ഥലത്ത്‌ എത്തിയിട്ടുണ്ട്‌. മരണത്തില്‍ യാതൊരു ആരോപണവും യുവതിയുടെ മാതാപിതാക്കള്‍ ആരോപിച്ചിട്ടില്ലെന്നും പൊലീസ്‌ പറഞ്ഞു. ദമ്പതികളെക്കുറിച്ച്‌ അയല്‍ക്കാരില്‍ നിന്ന്‌ വിവരങ്ങള്‍ ശേഖരിച്ച്‌ വരികയാണ്‌.