ഓവല്‍ ടെസ്റ്റില്‍ പുറത്തായതില്‍ പ്രതിഷേധം; കെ എല്‍ രാഹുലിന് പിഴ

ഓവല്‍ ടെസ്റ്റില്‍ പുറത്തായതില്‍ പ്രതിഷേധം; കെ എല്‍ രാഹുലിന് പിഴ

September 5, 2021 0 By Editor

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്ബരയില്‍ ഓവലില്‍ നടക്കുന്ന നാലാം ടെസ്റ്റിനിടയില്‍ മോശം പെരുമാറ്റത്തിന് ഇന്ത്യന്‍ ഓപ്പണര്‍ കെ എല്‍ രാഹുലിന് പിഴ വിധിച്ച്‌ മാച്ച്‌ റഫറി. അമ്ബയറുടെ തീരുമാനത്തോട് എതിര്‍പ്പ് പ്രകടിപ്പിക്കുന്ന രീതിയില്‍ പെരുമാറിയതിനാണ് ലെവല്‍ വണ്‍ കുറ്റം ചുമത്തി റഫറി രാഹുലിന് പിഴ വിധിച്ചത്. ഐസിസി കളിക്കാര്‍ക്കായി നിഷ്‌കര്‍ഷിച്ചിട്ടുള്ള പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.8 ലംഘിച്ച രാഹുലിന് മാച്ച്‌ ഫീയുടെ 15 ശതമാനമാണ് പിഴയായി റഫറി വിധിച്ചിരിക്കുന്നത്.

പിഴയ്‌ക്കൊപ്പം ഒരു ഡീ മെറിറ്റ് പോയിന്‍റ് കൂടി റഫറി രാഹുലിന് വിധിച്ചു. 24 മാസത്തിനിടെ ഇതാദ്യമായാണ് രാഹുലിന് ഡീ മെറിറ്റ് പോയിന്റ് ലഭിക്കുന്നത്. മാച്ച്‌ റഫറി കെ എല്‍ രാഹുലിന് വിധിച്ചിരിക്കുന്ന ലെവല്‍ വണ്‍ കുറ്റത്തിന്, മാച്ച്‌ ഫീയുടെ 50 ശതമാനം പിഴയും ഒപ്പം ഒന്നോ രണ്ടോ ഡീമെറിറ്റ് പോയിന്‍റുകളോ ആണ് പരമാവധി ശിക്ഷയായി ലഭിക്കുക. 24 മാസത്തിനിടെ നാലോ അതിലധികമോ ഡീ മെറിറ്റ് പോയിന്റുകള്‍ ലഭിച്ചാല്‍ താരത്തിന് സസ്‌പെന്‍ഷന്‍ ലഭിക്കും.

ഓവല്‍ ടെസ്റ്റിന്‍റെ മൂന്നാം ദിനത്തില്‍ ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സില്‍ 34ാ൦ ഓവറിലായിരുന്നു സംഭവം. ജെയിംസ് ആന്‍ഡേഴ്‌സന്‍റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ജോണി ബെയര്‍സ്റ്റോയുടെ കാച്ചിലാണ് രാഹുല്‍ പുറത്തായത്. ഡിആര്‍എസിലൂടെയാണ് രാഹുലിന്റെ വിക്കറ്റിന്റെ വിധി വന്നത്. എന്നാല്‍ ബാറ്റ് ‍പാഡില്‍ തട്ടുന്നതിന്‍റെ ശബ്ദമാണ് കേള്‍ക്കുന്നത് എന്ന് കാണിച്ച്‌ ഡ്രസിംഗ് റൂമിലേക്ക് മടങ്ങുമ്ബോള്‍ രാഹുല്‍ എതിര്‍പ്പ് പ്രകടിപ്പിക്കുകയായിരുന്നു.